സ്വന്തം ലേഖകന്‍: പാപ്പുവ ന്യൂഗിനിയയിലും സോളമന്‍ ദ്വീപിലും ശക്തമായ ഭൂകമ്പം, സുനാമി മുന്നറിയിപ്പ്. ഞായറാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനു തൊട്ടുപിന്നാലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സുനാമി മുന്നറിയിപ്പ് നല്‍കിയത്. അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ പാപ്പുവ ന്യൂഗിനിയയുടെ തീരങ്ങളില്‍ സുനാമിത്തിരകള്‍ ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്.
ഇതിനു മുന്‍പും തുടര്‍ച്ചയായ ഭൂചലനങ്ങള്‍ ഇവിടെ ഉണ്ടായെങ്കിലും സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോഴുണ്ടായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പസഫിക് ദ്വീപ് രാഷ്ട്രമായ പപ്പുവ ന്യൂ ഗിനിയയില്‍ സമീപകാലത്തുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിതെന്നും ജനങ്ങള്‍ പരിഭ്രാന്തിയിലാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ബോഗണ്‍വില്ല ദ്വീപിന് വടക്ക് അരാവയ്ക്ക് 47 കിലോമീറ്റര്‍ പടിഞ്ഞാറ് 154 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കള്‍ സര്‍വേ അറിയിച്ചു. നൗറു പോണ്‍പീ, കോസ്രെ, വനൗതു, ചൂക്, ഇന്തോനീഷ്യ എത്തിവിടങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഓസ്‌ട്രേലിയ, ന്യുസിലാന്‍ഡ് എന്നിവിടങ്ങളില്‍ സുനാമി ഭീഷണിയില്ലെന്നും ഓസ്‌ട്രേലിയന്‍ സുനാമി മുന്നറിയി്പ് കേന്ദ്രം വ്യക്തമാക്കി. തുടര്‍ ചലനങ്ങളുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല