സ്വന്തം ലേഖകന്‍: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് ദുരന്തം, മരണം 110 ആയി, 390 പേര്‍ക്ക് ഗുരുതര പരുക്ക്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വെടിക്കെട്ട് ദുരന്തത്തില്‍ പൊള്ളലേറ്റ പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിന്നിച്ചിതറിയതിനാല്‍ മരിച്ചവരെ തിരിച്ചറിയാനാവാതെ കുഴങ്ങുകയാണ് രക്ഷാപ്രവര്‍ത്തകര്‍.
ഉത്സവ വെടിക്കെട്ടിന്റെ അനുമതിയുടെ മറവില്‍ നടത്തിയ മത്സര വെടിക്കെട്ടാണ് കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിലേക്കു നയിച്ചതെന്നാണു സൂചന. ദുരന്തത്തെത്തുടര്‍ന്ന് ക്ഷേത്രഭാരവാഹികള്‍ക്കെതിരേ നരഹത്യക്കും, കൊലക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് 15 അംഗ ക്ഷേത്രഭാരവാഹികള്‍ ഒളിവിലാണ്.
ഇന്നലെ പുലര്‍ച്ചെ 3.15 നാണ് രാജ്യത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയ അപകടമുണ്ടായത്. ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന വെടിക്കെട്ടിന്റെ അവസാന റൗണ്ടില്‍ വെടിക്കോപ്പുകള്‍ വച്ചിരുന്ന കെട്ടിടത്തിലേക്ക്(കമ്പപ്പുര) പാതി കത്തിയ കമ്പം വന്നുവീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടര്‍ന്ന് കമ്പപ്പുരയും അടുത്തുള്ള ദേവസ്വം ബോര്‍ഡിന്റെ കെട്ടിടവും പൂര്‍ണമായും തകര്‍ന്നു.
വലിയ ശബ്ദത്തോടെ ഉണ്ടായ പൊട്ടിത്തെറി ഒന്നര കിലോമീറ്റര്‍ ദൂരംവരെ അനുഭവപ്പെട്ടു. കെട്ടിടങ്ങളുടെ പൊട്ടിച്ചിതറിയ ഭാഗങ്ങള്‍ വന്നുവീണതാണ് മിക്കവാറും മരണങ്ങള്‍ക്ക് കാരണമായത്. കേരളത്തില്‍ ഏറ്റവും വലിയ വെടിക്കെട്ട് നടക്കുന്ന മൂന്നാമത്തെ ക്ഷേത്രമാണ് 100 കൊല്ലം പഴക്കമുള്ള കൊല്ലം പരവൂരിലെ പുറ്റിങ്ങല്‍ ദേവി ക്ഷേത്രം. ജില്ലാ ഭരണകൂടവും പോലീസും വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നെങ്കിലും ചില രാഷ്ട്രീയ നേതാക്കള്‍ ഉടപെട്ട് താല്‍ക്കാലിക അനുമതി നേടിയിരുന്നുവെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു.
എന്നാല്‍ യാതൊരുവധി അനുമതിയും ഇല്ലാതെയാണ് വെടിക്കെട്ട് നടത്തിയതെന്നാണ് ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ വ്യക്തമാക്കിയത്. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍, ക്രൈംബ്രാഞ്ച് അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല