സ്വന്തം ലേഖകന്‍: ദുരന്തഭൂമിയായി മാറിയ പൂരപ്പറമ്പ്, അനുശോചനവുമായി നരേന്ദ്ര മോഡിയും രാഹുല്‍ ഗാന്ധിയും കേരളത്തില്‍. കൊല്ലം പരവൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ മത്സര വെടിക്കെട്ടാണ് 106 പേരുടെ ജീവനെടുത്തത്. ഗുരുതരമായി പരുക്കേറ്റ 200 ഓളം പേര്‍ ചികിത്സയിലാണ്.
പുറ്റിങ്ങല്‍ ഭഗവതി ക്ഷേത്രത്തില്‍ രാത്രി 11.40 ന് തുടങ്ങിയ വെടിക്കെട്ട് അവസാനഘട്ടത്തിലെത്തിയപ്പോഴാണ് നാടിനെ നടുക്കി സ്‌ഫോടനമുണ്ടായത്. 40 പേര്‍ ദുരന്തസ്ഥലത്തു വെച്ചു തന്നെ മരിച്ച സ്‌ഫോടനത്തിന്റെ പ്രകമ്പനം ഒന്നര കിലോമീറ്റര്‍ അകലെ വരെ അനുഭവപ്പെട്ടു. ഒരു കിലോമീറ്റര്‍ അകലെ ബൈക്കില്‍ ഇരുന്ന യുവാവ് സ്‌ഫോടനത്തില്‍ തെറിച്ച കോണ്‍ക്രീറ്റ് പാളി ശരീരത്തില്‍ വീണാണ് മരിച്ചത്.
തിരുവനന്തപുരത്ത് വിമാനത്തില്‍ വന്നിറങ്ങിയ മോദി വ്യോമസേനയുടെ പ്രത്യേക ഹെലികോപ്ടറിലാണ് കൊല്ലത്തെ ആശ്രാമം മൈതാനത്ത് എത്തിയത്. ഡല്‍ഹി ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നാല് ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ സംഘവും മോദിക്കൊപ്പം എത്തിയിരുന്നു.
ഇന്ത്യ കണ്ട ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തത്തില്‍ ദുഃഖം പങ്കുവക്കുന്നതായി പാക്കിസ്താനും റഷ്യയും അറിയിച്ചു. ഇന്ത്യയുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മാര്‍പാപ്പയും ടെലിഗ്രാം സന്ദേശത്തില്‍ അറിയിച്ചു. നേരത്തെ ദ്രുതകര്‍മ്മസേനയും നാട്ടുകാരും ചേര്‍ന്നു നടത്തിയ മികച്ച രക്ഷാപ്രവര്‍ത്തനം അന്താരാഷ്ട്ര മാധ്യമങ്ങളുടേതടക്കം പ്രശംസ നേടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല