സ്വന്തം ലേഖകന്‍: പിഞ്ചു കുഞ്ഞടക്കം 13 മക്കളെ വര്‍ഷങ്ങളോളം ചങ്ങലക്കിട്ട മാതാപിതാക്കള്‍ ലോസ് ആഞ്ചിലിസില്‍ അറസ്റ്റില്‍. രണ്ട് മുതല്‍ 29 വയസ്സുവരെയുള്ള 13 മക്കളെയാണ് മാതാപിതാക്കള്‍ മുറിയിലിട്ട് പൂട്ടി ചങ്ങലക്കിട്ടത്. പലരെയും പോലീസ് കണ്ടെടുക്കുമ്പോല്‍ പട്ടിണി കോലങ്ങളായിരുന്നു. ലോസ് ആഞ്ജലിസില്‍ നിന്ന് 95കിമി അകലെ പെറിസ്സിലാണ് സംഭവം.
കൂട്ടത്തിലെ 17 വയസ്സുള്ള പെണ്‍കുട്ടി വീട്ടു തടവില്‍ നിന്ന് രക്ഷപ്പെട്ട് പോലീസിലറിയിച്ചതോടെയാണ് മറ്റ് 12പേരെയും പുറത്തെത്തിച്ച് പോലീസ് മാതാപിതാക്കളെ അറസ്റ്റ് ചെയ്യുന്നത്. 57 വയസ്സുകാരനായ ഡേവിഡ് അലന് ടര്‍പിന്‍, 49കാരിയായ ലൂയിസ് അന്ന ടര്‍പിന്‍ എന്നിവരാണ് അറസ്റ്റിലാവുന്നത്. രക്ഷപ്പെടുത്തിയ 13 പേരും സഹോദരങ്ങളാണെന്നാണ് പ്രാഥമിക നിഗമനം.
സഹായം അഭ്യര്‍ഥിച്ചെത്തിയ 17വയസ്സുകാരിയെ കണ്ടാല്‍ 10 വയസ്സുമാത്രമേ തോന്നിക്കൂവെന്ന് പോലീസ് ഉദ്യോഗസ്ഥന് പറയുന്നു. പൂട്ടിയിട്ട ഏഴ് കുട്ടികള്‍ 18നും 29നും പ്രായമുള്ളവരായിരുന്നു. 2 വയസ്സുള്ള കുട്ടിയും കൂട്ടത്തിലുണ്ടായിരുന്നു. സഹോദരി നല്കിയ വിവരമനുസരിച്ച് കുട്ടികളെ രക്ഷിക്കാന്‍ പോലീസെത്തുമ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു വീടിന് ഉള്‍ഭാഗം. പലരെയും കട്ടിലിനോട് ചേര്‍ത്ത് ചങ്ങലയിട്ട് പൂട്ടി ഇരുട്ട് മുറിയിലിട്ടിരിക്കുകയായിരുന്നു.
വൃത്തിഹീനമായ സാഹചര്യത്തില്‍ ജീവിക്കുന്ന ഇവരെല്ലാവരും തന്നെ പോഷകാഹാരക്കുറവ് മൂലം പട്ടിണിക്കോലങ്ങളായിരുന്നു. എല്ലാവരെയും പ്രാഥമിക ശുശ്രൂഷകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിച്ചു. ഡേവിഡ് ടര്‍പിന്റെ രക്ഷിതാക്കളായ ജെയിംസ് ടര്‍പിനും ബെറ്റി ടര്‍പിനും മകനും മരുമകള്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ്. അഞ്ച് വര്‍ഷത്തോളമായി മകനെയും മരുമകളെയും കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ജെയിംസ് ടര്‍പിന്‍ അറിയിച്ചു. കുട്ടികള്‍ അടുത്തില്ലാത്തപ്പോഴാണ് അവര്‍ പലപ്പോഴും വിളിച്ചിരുന്നതെന്നും ടര്‍പിന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല