രക്ഷപെടാന്‍ യാതൊരു സാധ്യതയുമില്ലെന്ന ഡോക്ടര്‍മാര്‍ വിധിയെഴുതിയാലും അത്ഭുതങ്ങളില്‍ വിശ്വസിക്കുന്ന മാതാപിതാക്കള്‍ കുട്ടികളുടെ ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാരെ നിരന്തരം ശല്യപ്പെടുത്തികൊണ്ടിരിക്കുമെന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍. ദൈവത്തിന്റെ ഇടപെടല്‍ കാരണം കുട്ടി രക്ഷപെടുമെന്നും അതുവരെ ചികിത്സ തുടരണമെന്നും അവര്‍ വാശിപിടിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ചികിത്സ നിഷ്ഫലമാകുമെന്ന് പറഞ്ഞാലും അവര്‍ കേള്‍ക്കാറില്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.
മെഡിക്കല്‍ എത്തിക്സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ഡോക്ടര്‍മാര്‍ അത്ഭുതങ്ങളില്‍ വിശ്വസിക്കുന്ന കുടുംബങ്ങളുടെ എണ്ണം കൂടുന്നതായി മുന്നറിയിപ്പ് നല്‍കുന്നത്. ഡോക്ടര്‍മാര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിലധികം ദൈവത്തിന് ചെയ്യാനാകുമെന്നാണ് ഇവരുടെ വിശ്വാസം. അതിനാല്‍ തന്നെ ചികിത്സ തുടരാതെ മരണത്തിന് കീഴടങ്ങാന്‍ കുട്ടിയെ വിട്ടുകൊടുക്കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടാലും മാതാപിതാക്കള്‍ സമ്മതിക്കാറില്ല. ഇത്തരം കേസുകളില്‍ മതപരമായ വിശ്വാസത്തേക്കാളുപരി ഡോക്ടര്‍മാരുടെ നിഗമനത്തിന് മുന്‍തൂക്കം നല്കത്തക്ക വിധത്തില്‍ നിയമം പരിഷ്കരിക്കണമെന്നും ഗ്രേറ്റ് ഓര്മോണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഡോക്ടര്‍മാര്‍ രാജ്യത്ത് മതേതരത്വം കൊണ്ടുവരാന്‍ ശ്രമിക്കുകയാണന്നും ആളുകളെ മതവിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുകയാണന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ഗ്രേറ്റ് ഓര്മോണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലെ നിയോനേറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലെ ഡോ. ജോയി ബെയര്ലിയും ഡോ. ആന്‍ഡി പെട്രോസും ഹോസ്പിറ്റലിലെ പ്രധാന വികാരി റവ. ജിം ലിന്തികമും ചേര്‍ന്ന് എഴുതിയതാണ് വിവാദമായ ലേഖനം.
ആശുപത്രിയിലുണ്ടായ 203 കേസുകളുടെ അടിസ്ഥാനത്തിലാണ് ലേഖനം എഴുതിയിരിക്കുന്നത്. 203 കേസുകളിലും ക്രിത്രിമ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. ഇതില്‍ 70 ശതമാനം മരണങ്ങളും ക്രിത്രിമ ഉപകരണങ്ങള്‍ മാറ്റിയ ഉടന്‍തന്നെ സംഭവിച്ചു. 203 കേസുകളില്‍ 186 എണ്ണവും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ച് മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ഉപകരണങ്ങള്‍ മാറ്റിയത്. ചികിത്സകൊണ്ട് യാതൊരു ഫലവും ഉണ്ടാകില്ലന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ സമ്മതം നല്‍കിയത്. 17 കേസുകളില്‍ ചികിത്സ നിര്‍ത്തിവെയ്ക്കുന്നതാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും മാതാപിതാക്കള്‍ സമ്മതിക്കാതിരിക്കുകയായിരുന്നു. ഇതില്‍ പതിനൊന്നെണ്ണത്തിലും മതവിശ്വാസമാണ് പ്രധാന ഘടകമായത്. ഇതില്‍ ചിലത് മതനേതാക്കള്‍ ഇടപെട്ട് തീര്‍പ്പാക്കി. ഒരു കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ബാക്കി കേസുകളില്‍ ഇതുവരെ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ഇവയുടെ മാതാപിതാക്കള്‍ ഒരു അത്ഭുതം പ്രതീക്ഷിച്ച് ചികിത്സ തുടരുകയാണന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
ജീവിക്കാന്‍ യാതൊരു സാധ്യതയുമില്ലാത്തപ്പോഴും വെന്റിലേറ്ററില്‍ ജീവന് പിടിച്ച് നിര്‍ത്തുന്നത് രോഗികളോട് ചെയ്യുന്ന ക്രൂരതയാണന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. കോടതിയുടെ അനുമതിക്ക് വേണ്ടി കാത്ത് നില്‍ക്കാതെ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് അനുമതി നല്കുന്ന നിയമം പ്രാബല്യത്തില്‍ കൊണ്ടുവരണം. ജീവിക്കാന്‍ യാതൊരു സാധ്യതയുമില്ലാത്ത രോഗികളില്‍ മരണം നിശ്ചയിക്കാന്‍ മാതാപിതാക്കളുടെ വിശ്വാസം ഒരു വിലങ്ങുതടിയാകരുതെന്നും ഡോക്ടര്‍മാര്‍ വാദിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല