1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2012

ലണ്ടന്‍ : ഷഫീല അഹമ്മദ് വധക്കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരാണന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവര്‍ക്കും കോടതി 25 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഏറെ മാധ്യമശ്രദ്ധ ആകര്‍ഷിച്ച ഷഫീല വധക്കേസില്‍ ഷഫീല കൊല്ലപ്പെട്ട് ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധിപറയുന്നത്. സോഷ്യല്‍ വര്‍ക്കേഴ്‌സുമായുളള ആശയവിനിമയത്തില്‍ വന്ന തകരാറാണ് ഷഫീലയുടെ മരണത്തിലേക്ക് നയിച്ചതെന്നും അവര്‍ സംഭവത്തില്‍ ഫലപ്രദമായി ഇടപെട്ടിരുന്നു എങ്കില്‍ ഫഫീല ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നുവെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ പ്രശസ്ത ക്രിമിനോളജിസ്റ്റ് ഡോ, അയിഷ ഗില്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് നടക്കുന്ന പല ദുരഭിമാന കൊലകളിലും പ്രോസിക്യൂഷന് വേണ്ടി ഡോ.ഗില്‍ ഹാജരാകാറുണ്ട്.

രണ്ട് സംസ്‌കാരങ്ങളുടെ ഇടയില്‍ പെട്ട് ശ്വാസം മുട്ടി പിടയുകയായിരുന്നു ഷഫീലയെന്ന് വിധി പ്രസ്താവിക്കവെ കോടതി ചൂണ്ടിക്കാട്ടി. ഷഫീല അവള്‍ ജനിച്ചു വളര്‍ന്ന പാശ്ചാത്യ സംസ്‌കാരം ഉള്‍ക്കൊളളാന്‍ ശ്രമിക്കവേ മാതാപിതാക്കള്‍ അവരുടെ സംസ്‌കാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിക്കുമ്പോഴൊക്കെ മാതാപിതാക്കള്‍ അവരുടെ ഉരുക്കുമുഷ്ടികള്‍ കൊണ്ട് അവളെ അതില്‍ നിന്ന് തടഞ്ഞു. ഷഫീലയുടെ ഇളയ സഹോദരങ്ങളുടെ മുന്നില്‍ വച്ച് അവളെ ക്രൂരമായി ശ്വാസം മുട്ടിച്ച് കൊന്നത് ശരിക്കും ഭീകരമായിരിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഒരിക്കല്‍ പോലും കണ്ടിട്ടി്ല്ലാത്ത പാകിസ്ഥാനിലെ കസിനെ വിവാഹം കഴിക്കാനുളള മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങാതിരുന്നതാണ് കൊലപാതകത്തിന് കാരണമെന്ന് കോടതി കണ്ടെത്തി. പാശ്ചാത്യ രീതിയില്‍ ജീവിക്കുകയും വസ്ത്രം ധരിക്കുകയും ചെയ്യുന്ന ഷഫീല തങ്ങള്‍ക്ക് മാനഹാനി വരുത്തുമെന്ന് ഭയന്നാണ് പാകിസ്ഥാന്‍ സ്വദേശികളായ ഇഫ്തിക്കര്‍ അഹമ്മദും ഫര്‍സാന അഹമ്മദും മകളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും കോടതി കണ്ടെത്തി. ഇത്ര ക്രൂരമായി സ്വന്തം മകളെ കൊലപ്പെടുത്തുകയും അത് മറച്ചുവെയ്ക്കുകയും ചെയ്ത മാതാപിതാക്കള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും വിധി വായിക്കവേ കോടതി ചൂണ്ടിക്കാട്ടി.

ഷഫീലയുടെ സഹോദരങ്ങളായ മെവിഷും ജുനാദും

നിര്‍വികാരരായാണ് ഇരുവരും വിധി കേട്ടത്. എന്നാല്‍ പോലീസെത്തി ഇഫ്തിക്കര്‍ അഹമ്മദിനെ ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ അയാള്‍ പോലീസിനോട് കലഹിക്കുന്നത് കാണാമായിരുന്നു. ഇഫ്തിക്കറിന്റെയും ഫര്‍സാനയുടേയും മറ്റ് മക്കള്‍ വിധി കേള്‍ക്കാനായി കോടതിയിലെത്തിയിരുന്നു. ഷഫീലയുടെ ഇളയ സഹോദരങ്ങളായ ജുനാദ്, മെവിഷ് , നിയമപരമായ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താനാകാത്ത മറ്റൊരു സഹോദരി എന്നിവര്‍ കണ്ണീരോടെയാണ് വിധി കേട്ടത്. വര്‍ഷങ്ങളായി പുറത്ത് സ്വതന്ത്രമായി വിഹരിച്ച്‌കൊണ്ട് ഇരിക്കുന്ന ഷഫീലയുടെ കൊലപാതകികള്‍ അഴികള്‍ക്കുളളില്‍ ആയതില്‍ സന്തോഷമുണ്ടെന്നും വര്‍ഷങ്ങളായി ഈ ഒരു ദിനത്തിനായാണ് തങ്ങള്‍ കാത്തിരുന്നതെന്നും ഷഫീലയുടെ അടുത്ത സുഹൃത്ത് ആയിരുന്ന മെലിസ് പോണര്‍ പറഞ്ഞു.

2011 സെപ്റ്റംബര്‍ 11നാണ് ഷഫീല കൊല്ലപ്പെടുന്നത്. ഷഫീല വീട്ടില്‍ നിന്ന് ഒളിച്ചോടിപോയതാണ് എന്നായിരുന്നു മാതാപിതാക്കള്‍ മറ്റുളളവരോട് പറഞ്ഞിരുന്നത്. 2004 ഫെബ്രുവരിയില്‍ കുംബ്രിയ നദിയുടെ തീരത്ത് നിന്നാണ് ഷഫീലയുടെ മൃതദേഹം കണ്ടെടുക്കുന്നത്. 2010ല്‍ ഷഫീലയുടെ നേരെ ഇളയ സഹോദിയായ അലീഷ സ്വന്തം വീട്ടില്‍ നടത്തിയ ഒരു ആസൂത്രിത കവര്‍ച്ചയുടെ പേരില്‍ പിടിയിലായതോടെയാണ് ഷഫീലയുടെ മരണത്തില്‍ മാതാപിതാക്കള്‍ക്ക് ഉളള പങ്ക് വെളിയിലായത്.പാശ്ചാത്യ ജീവിതി ശൈലി നയിക്കുന്നു എന്ന് ആരോപിച്ച് മാതാവാണ് ആദ്യം ഷഫീലയെ മര്‍ദ്ദിച്ചതെന്നും പിന്നാലെ പിതാവ് പ്ലാസ്റ്റിക് ക്യാരിബാഗ് മുഖത്ത് അമര്‍ത്തി ഷഫീലയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നുമാണ് അലീഷ പോലീസിന് നല്‍കിയ മൊഴി. മറ്റ് സഹോദരങ്ങള്‍ ഇതിന് സാക്ഷിയായിരുന്നുവെന്നും അലീഷ പറഞ്ഞു.

പത്താഴ്ച നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് ഇരുവരും കുറ്റക്കാരാണന്ന് കോടതി കണ്ടെത്തിയതും ശിക്ഷ വിധിച്ചതും. എന്നാല്‍ ഷഫീലയുടെ മൃതദേഹം കുഴിച്ചുമൂടുന്നതിന് ഇഫ്തിക്കറിന് ഒറ്റക്ക് ആകില്ലെന്നും അതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ വിചാരണ കോടതിയില്‍ തുടരും. കുറ്റക്കാരിയാണന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് ഫര്‍സാന മൊഴിമാറ്റി പറഞ്ഞിരുന്നു. ഭര്‍ത്താവാണ് മകളെ കൊന്നതെന്നും അയാളുടെ മര്‍ദ്ദനം ഭയന്നാണ് വിവരങ്ങള്‍ മറച്ചുവെച്ചതെന്നുമായിരുന്നു ഫര്‍സാനയുടെ മൊഴി. എന്നാല്‍ ഷഫീലയെ കൊന്നത് താനാണന്ന പ്രോസിക്യൂഷന്‍ വാദം ഇഫ്തിക്കര്‍ ആവര്‍ത്തിച്ച് നിഷേധിച്ചു. ഷഫീലയെ സംഭവ ദിവസം വീട്ടില്‍ നിന്ന് കാണാതായതാണന്നും കൊലപാതകത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലന്നും ഇഫ്തിക്കര്‍ കോടതിയില്‍ പറഞ്ഞു. ഷഫീലയുടെ കൊലപാതകത്തെ തുടര്‍ന്ന് ഇളയ സഹോദരി മെവിഷ് എഴുതിയ ഡയറിക്കുറിപ്പുകള്‍ പോലീസ് കോടതിയില്‍ തെളിവായി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അതെല്ലാം വെറും കെട്ടുകഥകളാണന്നായിരുന്നു കോടതിയില്‍ മെവിഷിന്റെ മൊഴി.

ഷഫീലയെ കൊലപ്പെടുത്താന്‍ ഇരുവരും മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ സ്വന്തം സമുദായത്തിന് അകത്ത് ഷഫീല നിങ്ങള്‍ക്ക് മാനഹാനി വരുത്തിവെയ്ക്കുമെന്ന നിങ്ങളുടെ ഭയം അഷരാര്‍ത്ഥത്തില്‍ കൂടുതല്‍ നാണക്കേട് ഉണ്ടാക്കിയത് നിങ്ങളുടെ സമുദായത്തിന് തന്നെയാണ്. പ്രശ്‌നം പരിഹരിക്കുന്നതിനായി മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് സ്വന്തം മകളെ കൊലപ്പെടുത്തിയത് സഹോദരങ്ങളുടെ മാനസികാവസ്ഥയെ മോശമായി ബാധിച്ചുവെന്നും വിധിന്യായത്തില്‍ ജഡ്ജി റോഡ്രിക് ഇവാന്‍സ് ക്യൂന്‍സ് കോണ്‍സല്‍ ചൂണ്ടി്ക്കാട്ടി. സമൂഹത്തില്‍ അവര്‍ക്ക് മാന്യമായി ജീവിക്കാനുളള അവസരമാണ് ഇത് വഴി ഇരുവരും ഇല്ലാതാക്കിയതെന്നും അദ്ദേഹം വിമര്‍ശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.