ബ്രിട്ടനിലെ ഏതാണ്ട് പകുതിയോളം രക്ഷിതാക്കളും സ്‌കൂളുകളില്‍ വടി ഉപയോഗിക്കുന്നത് പുനസ്ഥാപിക്കണമെന്ന അഭിപ്രായക്കാരാണെന്ന് സര്‍വെ. അഞ്ചില്‍ ഒരു വിദ്യാര്‍ത്ഥി വീതവും ഇതിനെ പിന്തുണക്കുന്നുണ്ട്. 1986ലാണ് മര്‍ദന ശിക്ഷകള്‍ ബ്രിട്ടീഷ് സ്‌കൂളുകളില്‍ നിരോധിച്ചത്.
ടൈംസ് എജ്യൂക്കേഷണല്‍ സപ്‌ളിമെന്റ് നടത്തിയ സര്‍വെയില്‍ 49 ശതമാനം മാതാപിതാക്കളും വടി കൊണ്ടുള്ള ശിക്ഷ അത്യാവശ്യമാണെന്ന് വിശ്വസിക്കുന്നതായി തെളിഞ്ഞു. പത്തൊമ്പത് ശതമാനം സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഇതിനെ പിന്തുണയ്ക്കുന്നുണ്ട്. മൂന്നില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണമെന്ന് വിശ്വസിക്കുമ്പോള്‍ 91 ശതമാനം മാതാപിതാക്കളും ക്‌ളാസുകളിലെ അച്ചടക്കത്തിനായി അദ്ധ്യാപകര്‍ കൂടുതല്‍ കര്‍ക്കശക്കാരാകണമെന്ന് വിശ്വസിക്കുന്നു.
സ്‌കോട്‌ലാന്‍ഡിലെ സ്‌കൂളുകളില്‍ വടി ഉപയോഗിക്കാനുള്ള അനുമതി നല്‍കിയേക്കുമെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി മിഖായേല്‍ ഗോവ് അറിയിച്ചിരുന്നു. ആരാണ് അധികാരി എന്ന് അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ അറിയിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ പിന്നീട് സ്‌കൂളുകളില്‍ വടി ഉപയോഗിക്കാനുള്ള അനുമതി നല്‍കുമോ എന്ന പത്രലേഖകരുടെ ചോദ്യത്തിന് ഇല്ല എന്നാണ് അദ്ദേഹം മറുപടി പറഞ്ഞിരുന്നത്.
എന്നാല്‍ അദ്ധ്യാപകര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുമെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. മികച്ച അദ്ധ്യാപനത്തിന് മികച്ച അച്ചടക്കവും ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ സ്‌കൂളുകളില്‍ വടി ഉപയോഗിക്കാനുള്ള അനുമതി തിരികെ കൊണ്ടു വരുന്നതിനെതിരെ അദ്ധ്യാപക സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല