സ്വന്തം ലേഖകന്‍: പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറാന് കാരണം അത് ഇന്ത്യക്കും ചൈനക്കും അനുകൂലമായതിനാല്‍, പിന്മാറ്റത്തെ ന്യായീകരിച്ച് വൈറ്റ് ഹൗസ്. ഇന്ത്യക്കും ചൈനയ്ക്കും ഹരിതഗൃഹ വാതക വമനത്തില്‍ ബാധ്യതയൊന്നും പാരീസ് കരാറില്‍ പറയുന്നില്ല എന്നതാണ് പിന്മാറ്റത്തിന് ഒരു കാരണമെന്ന് വൈറ്റ്ഹൗസ് പുറത്തിറക്കിയ പത്രക്കുറില്‍ വ്യക്തമാക്കുന്നു.
യുഎസ് പരിസ്ഥിതി സംരക്ഷണ ഏജന്‍സി (ഇപിഎ) അഡ്മിനിസ്ട്രേറ്റര്‍ സ്കോട്ട് പ്രീറ്റാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് ന്യായങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. 2030 വരെ ചൈന കരാര്‍പ്രകാരം ഒരു കാര്യവും ചെയ്യേണ്ട. രണ്ടരലക്ഷം കോടി ഡോളറിന്റെ സഹായം ലഭിക്കുന്നതുവരെ ഇന്ത്യക്കും ബാധ്യതയൊന്നുമില്ലെന്നും പ്രീറ്റ് കുറ്റപ്പെടുത്തുന്നു.
റഷ്യക്കും കാര്‍ബണ്‍ വമനം ഉദാരമായി തുടരാവുന്നവിധം 1990 അടിസ്ഥാനവര്‍ഷമായി എടുത്തു എന്ന് പ്രീറ്റ് പറയുന്നു.ഹരിതഗൃഹ വാതക വമനത്തില്‍ ചൈനയുടെ പങ്ക് 30 ശതമാനമാണ്. അമേരിക്കയുടേത് 15 ഉം ഇന്ത്യയുടേത് ഏഴും ശതമാനവും. അതേസമയം 26 മുതല്‍ 28 വരെ ശതമാനം കാര്‍ബണ്‍ വമനം കുറയ്ക്കണമെന്ന വളരെ കടുത്ത വ്യവസ്ഥ അമേരിക്കയ്ക്ക് മേല്‍ ചുമത്തിയതായി അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തിലാണ് രാജ്യതാത്പര്യം മുന്‍നിര്‍ത്തി പ്രസിഡന്റ് ട്രംപ് കരാറില്‍നിന്നു പിന്മാറാന് തീരുമാനിച്ചതെന്ന് പ്രീറ്റ് വാദിച്ചു. ഉടമ്പടിയില്‍നിന്നു പിന്മാറിയതുകൊണ്ട് ഈ വിഷയത്തില്‍ ഒന്നും ചെയ്യില്ലെന്ന് അര്‍ഥമാക്കേണ്ടെന്നും പ്രീറ്റ് പറയുന്നു. അമേരിക്കയ്ക്ക് ദോഷകരമല്ലാത്ത ഒരു കരാര്‍ ഉണ്ടാക്കാനുള്ള ചര്‍ച്ചകള്‍ക്കു പ്രസിഡന്റ് തയാറാണ്. ഇതിനകം 1990 കളിലെ നിലയിലേക്ക് അമേരിക്കയിലെ ഹരിതഗൃഹവാതക വമനം കുറച്ചിട്ടുണ്ട്.
കല്‍ക്കരിയും പ്രകൃതിവാതകവുമൊക്കെ മലിനീകരണമില്ലാതെ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ അമേരിക്കയ്ക്കുണ്ട്. അത് ഇന്ത്യയും ചൈനയുമടക്കമുള്ളവര്ക്കു നല്‍കാനും തയാറാണെന്നും പ്രീറ്റ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല