സ്വന്തം ലേഖകൻ: മധ്യപൂർവ ദേശത്തെ ഏറ്റവും മികച്ച എയർലൈൻ എന്നതുൾപ്പെടെ സ്കൈട്രാക്സിന്റെ 4 പുരസ്കാരങ്ങൾ സ്വന്തമാക്കി ഖത്തർ എയർവേയ്സ്. മധ്യപൂർവദേശത്തെ ഏറ്റവും മികച്ച വിമാനക്കമ്പനി എന്നതിന് പുറമേ ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് ലോഞ്ച്, ലോകത്തിലെ മികച്ച ബിസിനസ് ക്ലാസ് ലോഞ്ച് ഡൈനിങ് എന്നീ പുരസ്കാരങ്ങളാണ് ഖത്തർ എയർവേയ്സിന് ലഭിച്ചത്.
ഇതു 10-ാം തവണയാണ് ലോകത്തിലെ മികച്ച ബിസിനസ് ക്ലാസിനുള്ള പുരസ്കാരം ലഭിക്കുന്നത്. മധ്യപൂർവദേശത്തെ മികച്ച എയർലൈനിനുള്ള പുരസ്കാരം ഇതു 11-ാം തവണയുമാണ് ലഭിച്ചത്.
പാരീസ് എയർഷോയോട് അനുബന്ധിച്ച് നടന്ന ലോക എയർലൈൻ പുരസ്കാര ചടങ്ങിൽ ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സിഇ അക്ബർ അൽ ബേക്കർ, ഹമദ് വിമാനത്താവളം ചീഫ് ഓപ്പറേറ്റിങ് ഓഫിസർ എൻജിനീയർ ബദർ മുഹമ്മദ് അൽ മീർ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ഹമദ് വിമാനത്താവളത്തിലെ ഖത്തർ എയർവേയ്സിന്റെ അൽ മൗർജൻ ലോഞ്ച് ആണ് ലോകത്തിലെ മികച്ച ബിസിനസ് ക്ലാസ് ലോഞ്ചിനുള്ള പുരസ്കാരം ലഭിച്ചത്. കൂടാതെ ലോകത്തിലെ മികച്ച ബിസിനസ് ക്ലാസ് ലോഞ്ച് ഡൈനിങിനുള്ള പുരസ്കാരവും അൽ മൗർജൻ ലോഞ്ചിനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല