സ്വന്തം ലേഖകന്‍: 14 മത്തെ വയസില്‍ താന്‍ ലൈംഗിക പീഡനത്തിന് ഇരയായി, പിതാവ് മൈക്കല്‍ ജാക്സന്റെ മരണം കൊലപാതകം, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മൈക്കിള്‍ ജാക്സന്റെ മകള്‍. ലോക പ്രശസ്ത പോപ്പ് ഗായകന് മൈക്കിള്‍ ജാക്സണ് വിടപറഞ്ഞിട്ട് എട്ടു വര്‍ഷങ്ങളാകുമ്പോള്‍ മൈക്കിള്‍ ജാക്സന്റേത് സ്വാഭാവിക മരണമല്ലെന്നും, ആരൊക്കെയോ ചേര്‍ന്ന് അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്നും പറയുന്നത് മകള്‍ പാരിസ് ജാക്സണാണ്.
റോളിംഗ് സ്റ്റോണ്‍ എന്ന ഇംഗ്ലീഷ് മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പാരീസ് ജാക്സണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പതിനെട്ടുകാരിയായ പാരീസ് ജാക്സണ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിലൂടെ പ്രതികരിക്കുന്നത്. മൈക്കിള്‍ ജാക്സന്റെ ഡോക്ടര്‍ കോണ്‍റാഡ് മുറെ മരുന്നുകള്‍ ഓവര്‍ ഡോസായാണ് നല്‍കിയിരുന്നത്. എന്നാല്‍ പിതാവിന്റെ കൊലപാതകത്തിന് പിന്നില്‍ മുറെയല്ല, വേറെ ചിലരാണെന്നും പാരീസ് ആരോപിച്ചു.
14 മത്തെ വയസില്‍ താന്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും പിതാവ് മരിച്ചതിന് ശേഷം വിഷാദത്തെ തുടര്‍ന്ന് പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും 18 കാരിയായ പാരീസ് തുറന്നു പറയുന്നു. പതിനാലാം വയസ്സില്‍ ലൈംഗികമായി തന്നെ ഉപയോഗിച്ചത് ഒരു അജ്ഞാതന്‍ ആയിരുന്നു. തുടര്‍ന്ന് മദ്യത്തിനും മയക്കുമരുന്നിനും അടിമയായി കടുത്ത വിഷാദ രോഗം പിടിപെടുകയും ചെയ്തു.
ആത്മാഭിമാനം മുറിപ്പെടുകയും സ്വയം അറപ്പ് തോന്നുകയും ചെയ്ത അക്കാലത്ത് ശരിയായിട്ട് ചിന്തിക്കാനോ ഒന്നും ചെയ്യാനോ കഴിയുമായിരുന്നില്ല. മയക്കുമരുന്ന് ഉപയോഗവും വിഷാദവുമായിരുന്നു തന്റെ പ്രധാന പ്രശ്നം. പിതാവിന്റെ മരണത്തിന് പിന്നാലെയുള്ള വര്‍ഷങ്ങളില്‍ അനേകം തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഏറെനാള്‍ പൊതുവേദിയില്‍ വരാതെ ഒളിച്ചു കഴിഞ്ഞു. ഞരമ്പ് മുറിക്കുകയും വീട്ടുകാരില്‍ നിന്നും അത് ഒളിച്ചു വെയ്ക്കുകയും ചെയ്തു. എംജെ തന്നെയാണ് തന്റെ പിതാവെന്നും എന്നും അങ്ങിനെയായിരുന്നുവെന്നും ഇനിയും അങ്ങിനെയായിരിക്കുമെന്നും പാരീസ് പറഞ്ഞു. അദ്ദേഹം ഇനിയൊരിക്കലും തിരിച്ചു വരില്ലെങ്കിലൂം തന്നിലൂടെയാണ് ലോകം ഇനി പിതാവിനെ കാണുന്നത് എന്ന തോന്നല്‍ പോലും ഉത്തേജിപ്പിക്കുന്നതാണെന്ന് പാരീസ് പറയുന്നു.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതായി മൈക്കിള്‍ ജാക്സണെതിരെ ആരോപണം ഉയര്‍ന്ന കാലത്ത് അദ്ദേഹം പല രാത്രികളിലും തന്റെ മുന്നില്‍ വെച്ച് പൊട്ടിക്കരഞ്ഞിരുന്നെന്നും പാരീസ് പറയുന്നു. ജാക്സന്റെ രക്തത്തില്‍ തന്നെ പിറന്ന മകള്‍ എന്ന നിലയ്ക്ക് സ്വയം വിലയിരുത്തുന്ന പാരീസ് കറുത്ത വര്ഗക്കാരിയായിട്ടാണ് തന്നെ പരിഗണിക്കുന്നത്. 2009 ലായിരുന്നു ദുരൂഹ സാഹചര്യത്തില്‍ മൈക്കല്‍ ജാക്സന് മരണമടഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല