സ്വന്തം ലേഖകന്‍: പാരീസില്‍ വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തു, മൂന്നു സ്ത്രീകള്‍ പിടിയില്‍, പുറകില്‍ ഇസ്ലാമിക് സ്റ്റേറ്റെന്ന് ഫ്രഞ്ച് അധികൃതര്‍. നഗരത്തിലെ റയില്‍വേ സ്റ്റേഷനുകളില്‍ ഭീകരാക്രമണ പരമ്പര നടത്താന്‍ പദ്ധതിയിട്ട മൂന്നു വനിതാ തീവ്രവാദികളെയാണ് പോലീസ് പിടികൂടിയത്. പാരീസിലെ നോട്ടര്‍ഡാം കത്തീഡ്രല്‍ പരിസരത്തുനിന്ന് ഗ്യാസ് സിലിണ്ടറുകളുമായി ശനിയാഴ്ച കണ്ടെത്തിയ കാറിനെക്കുറിച്ചുള്ള അന്വേഷണമാണ് മൂന്നു പേരുടേയും അറസ്റ്റിലേക്ക് നയിച്ചത്.
നേരത്തെ കാറിന്റെ ഉടമസ്ഥനെയും മറ്റൊരാളെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. 19 നും 39 നും ഇടക്കു പ്രായമുള്ളവരാണ് പിടിയിലായ മൂന്നു വനിതകളും. പാരീസിലെ ഗരെ ഡി ലിയോണ്‍ റെയില്‍വേസ്റ്റേഷനില്‍ ഭീകരാക്രണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ വ്യക്തമായി. നോട്ടര്‍ഡാം കത്തീഡ്രലില്‍നിന്നു മൂന്നു കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം.
വനിതാ തീവ്രവാദികളെ അറസ്റ്റു ചെയ്യാനെത്തിയ ഒരു പോലീസ് ഓഫീസറെ ഇവരിലൊരാള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബര്‍നാര്‍ഡ് കസെന്യൂ വ്യക്തമാക്കി. പോലീസ് വെടിയുതിര്‍ത്ത ശേഷമാണ് അവര്‍ കീഴടങ്ങിയത്. 19 കാരിയായ യുവതി ഐഎസിനോടു വിധേയത്വം പ്രഖ്യാപിച്ചുകൊണ്ട് കത്തെഴുതിയിരുന്നതായും പരിശോധനയില്‍ അന്വേഷണ സംഘം കണ്ടെത്തി. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല