സ്വന്തം ലേഖകന്‍: ആഗോളതാപനം തടയുന്നതിനുള്ള പാരീസ് ഉടമ്പടിക്ക് അമേരിക്കയുടേയും ചൈനയുടേയും പച്ചക്കൊടി. കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിച്ച് ആഗോള താപനം തടയുന്നതിനായി രൂപീകരിച്ച പാരിസ് ഉടമ്പടി അംഗീകരിച്ചുകൊണ്ടുള്ള രേഖകള്‍ ജി 20 ഉച്ചകോടിക്കു മുമ്പായി ചൈനയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് കൈമാറി.
യുഎസും ചൈനയുമാണ് കാര്‍ബണ്‍ വാതകങ്ങളുടെ ഏതാണ്ട് 40 ശതമാനവും ഭൂമിയിലേക്ക് പുറംതള്ളുന്നതെന്നാണ് കണക്ക്. കാര്‍ബണ്‍ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്കുന്ന രണ്ടു രാജ്യങ്ങളും പച്ചക്കൊടി വീശിയതോടെ ഭൂമിയെ തണുപ്പിക്കാന്‍ ഫലവത്തായ നടപടികള്‍ കൈക്കൊള്ളാന്‍ പാരീസ് ഉടമ്പടിക്ക് കഴിയുമെന്ന് ഉറപ്പായി.
ആഗോള താപനത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് യു.എസ് നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് ബറാക് ഒബാമയും ആഗോള താപനത്തിനെതിരെയുള്ള നാഴികക്കല്ലാണ് ഇതെന്ന് ഷി ജിന്‍പിങും വ്യക്തമാക്കി. സൈബര്‍ ഹാക്കിങ്, ദക്ഷിണ ചൈനാ കടലിലെ അവകാശവാദവും ദക്ഷിണ കൊറിയയില്‍ പ്രതിരോധ മിസൈല്‍ സിസ്റ്റം സ്ഥാപിക്കാനുള്ള യു.എസിന്റെ തീരുമാനവും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം അടുത്തിടെ ഉലച്ചിരുന്നു.
ഞായറാഴ്ച തുടങ്ങുന്ന ജി 20 ഉച്ചകോടിയില്‍ ആഗോളതാപന വിഷയത്തില്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും കൂടിക്കാഴ്ച നടത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തീരുമാനം. ആഗോളതാപനം കുറക്കുന്നതിനും സുസ്ഥിരവികസനത്തിനുമായി കല്‍ക്കരി ഖനികളും സ്റ്റീല്‍ മില്ലുകളും അടച്ചുപൂട്ടുമെന്നും ചൈന വ്യക്തമാക്കി. നീലാകാശവും പച്ചപ്പും ശുദ്ധജലവുമുള്ള സുന്ദരവും ഏറ്റവും വാസയോഗ്യവുമായ ഇടമാക്കി ചൈനയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം.
രണ്ടാഴ്ചത്തെ ഉന്നതതല കൂടിയാലോചനകള്‍ക്ക് ശേഷം കഴിഞ്ഞ ഡിസംബറില്‍ നിലവില്‍വന്ന പാരിസ് ഉടമ്പടിയെ 55 രാജ്യങ്ങള്‍ പിന്തുണച്ചിരുന്നു. അമേരിക്കയും ചൈനയും പാരിസ് ഉടമ്പടി അംഗീകരിച്ചതോടെ ബ്രിട്ടനും സമ്മര്‍ദത്തിലായിരിക്കയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല