സ്വന്തം ലേഖകൻ: ഒരിക്കലും എത്തിപ്പെടില്ലെന്ന് വിശ്വസിക്കുന്ന സൂര്യന്റെ നെറുകയിൽ തൊട്ട് മനുഷ്യ നിർമ്മിത ബഹിരാകാശ പേടകം. നാസ മൂന്ന് വർഷം മുൻപ് വിക്ഷേപിച്ച പാർക്കർ സോളർ പ്രോബ് എന്ന പേടകമാണ് സൂര്യന്റെ അന്തരീക്ഷമായ കൊറോണയിലൂടെ കടന്നു പോയത്. മഹത്തരമായ നിമിഷമെന്നാണ് ഇതിനെ നാസ വിശേഷിപ്പിച്ചത്. സൂര്യന്റേയും കൊറോണയുടേയും ഘടനയും സവിശേഷതയും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാർക്കറിനെ വിക്ഷേപിച്ചത്.
അപ്പോളോ 11 ദൗത്യത്തിലൂടെ ചന്ദ്രനിൽ മനുഷ്യൻ കാൽവെപ്പ് നടത്തിയതിന്റെ സമാനഗൗരവമുള്ള വിജയമാണ് ഇതെന്നും നാസ വ്യക്തമാക്കി. നിലവിൽ മണിക്കൂറിൽ അഞ്ച് ലക്ഷം കിലോമീറ്റർ എന്ന വേഗത്തിലാണ് പേടകം സഞ്ചരിക്കുന്നത്. സൂര്യനെ തൊടുക എന്ന അസാദ്ധ്യ ദൗത്യമാണ് മനുഷ്യനിർമ്മിത പേടകം സാദ്ധ്യമാക്കിയത്. ഇത് നക്ഷത്രങ്ങളെ കുറിച്ചുള്ള പഠനത്തിൽ പുത്തൻ ഉണർവേകുമെന്ന് നാസ വ്യക്തമാക്കി.
നാസ ഇതുവരെ നടത്തിയിട്ടുള്ളതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നു ഇത്. 2025ൽ പാർക്കർ സോളാർ പ്രോബ് സൂര്യന്റെ അടുത്തെത്തുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. 150 കോടി യുഎസ് ഡോളർ ചെലവ് വരുന്ന ദൗത്യം 2018 ഓഗസ്റ്റിലാണ് വിക്ഷേപിച്ചത്. ചിക്കാഗോ സർവ്വകലാശാല പ്രഫസറും ഭൗതിക ശാസ്ത്രജ്ഞനുമായ യൂജീൻ പാർക്കറുടെ പേരിലാണ് ദൗത്യം നാമകരണം ചെയ്തിരിക്കുന്നത്.
ഏപ്രിലിലാണ് പേടകം കൊറോണയിലൂടെ കടന്നത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനായത് ഇപ്പോഴാണെന്നും നാസ അറിയിച്ചു. കടുത്ത താപനിലയും വെല്ലുവിളി നിറഞ്ഞ അന്തരീക്ഷവും മറികടക്കാനായി പ്രത്യേക കാർബൺ കോംപസിറ്റുകൾ ഉപയോഗിച്ചാണ് പേടകത്തിന്റെ ബാഹ്യരൂപം നിർമ്മിച്ചിരിക്കുന്നത്. സൂര്യന്റെ പരിണാമത്തെ കുറിച്ചും സൗരയൂഥത്തിൽ സൂര്യൻ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും പാർക്കർ ഉത്തരം നൽകുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല