സ്വന്തം ലേഖകൻ: അജ്ഞത മൂലം കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാർ ഹമദ്, ദോഹ വിമാനത്താവളങ്ങളിൽ നൽകേണ്ടിവന്നത് ഭീമമായ പാർക്കിങ് ഫീസ്, 30 മിനുട്ടിന് 25 റിയാലാണ് പാർക്കിങ് ഫീസ്. പിന്നീടുള്ള ഓരോ 15 മിനുട്ടിനും 100 റിയാൽ വീതം ഈടാക്കും. ഇക്കാര്യം അറിയാതിരുന്നതാണ് പലരും വൻതുക നൽകാനിടയാക്കിയത്.
ലോകകപ്പിന്റെ തിരക്കിലേക്ക് നീങ്ങിയതോടെ ഹമദ്, ദോഹ വിമാനത്താവളങ്ങളിൽ ടെർമിനലിന് മുന്നിലേക്ക് വാഹനങ്ങൾക്ക് പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സ്വകാര്യ വാഹനങ്ങൾ ഇരു വിമാനത്താവളങ്ങളിലെയും കാർപാർക്കിങ് സംവിധാനമാണ് ഉപയോഗപ്പെടുത്തേണ്ടത്. രണ്ട് രീതിയിലുള്ള പാർക്കിങ് സൗകര്യമാണ് ഇവിടെയുള്ളത്.
ചുരുങ്ങിയ സമയത്തേക്കുള്ള പാർക്കിങ്ങിൽ ആദ്യ അരമണിക്കൂറിന് 25 റിയാൽ നൽകണം. പിന്നീടുള്ള ഓരോ 15 മിനുട്ടിനും 100 റിയാൽ വീതം വരും. ദീർഘ സമയത്തേക്കുള്ള പാർക്കിങ്ങിന് ആദ്യ ഒരു മണിക്കൂറിന് 25 റിയാൽ പാർക്കിങ് ഫീസ്. പിന്നീടുള്ള ഓരോ 15 മിനിറ്റിലും 100 റിയാൽ വീതം ഈടാക്കും.
കാർപാർക്കിങ് മേഖലയിൽ നിന്ന് ഹമദ് വിമാനത്താവള ടെർമിനലിലേക്ക് ഷട്ട്ൽ ബസ് സർവീസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ അംഗീകൃത വാഹനങ്ങൾക്ക് മാത്രമാണ് ടെർമിനൽ മേഖലയിലേക്ക് പ്രവേശനം. മുവാസലാത്ത് ടാക്‌സികൾ, നടക്കാൻ പ്രയാസമുള്ള ഭിന്നശേഷിക്കാർ, ഖത്തർഎയർവേസ് ഫസ്റ്റ്, ബിസിനസ് ക്ലാസ് യാത്രക്കാർ, എയർപോർട്ട് ഷട്ട്ൽ ബസുകൾ എന്നിവക്ക് മാത്രം കർബ്‌സൈഡ് വഴി യാത്രക്കാരെ ഇറക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല