സ്വന്തം ലേഖകന്‍: നാണമില്ലേ പ്രസിഡന്റേ തോക്കു ലോബിയുടെ സംഭാവന വാങ്ങാന്‍; സമൂഹ മാധ്യമങ്ങളുടെ കൈയ്യടി വാങ്ങി ട്രംപിനെ കളിയാക്കുന്ന വിദ്യര്‍ഥിനിയുടെ പ്രസംഗം. തോക്ക് ഉപയോഗിക്കുന്നവരുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന നാഷനല്‍ റൈഫിള്‍ അസോസിയേഷന്‍ നല്‍കിയ വന്‍തുക തിരഞ്ഞെടുപ്പു പ്രചാരണത്തിനു സംഭാവനയായി കൈപ്പറ്റിയ യുഎസ് പ്രസിഡന്റ് ട്രംപിനെ വിമര്‍ശിച്ചു സ്‌കൂള്‍ വിദ്യാര്‍ഥിനി നടത്തിയ പ്രസംഗമാണ് ചര്‍ച്ചയായത്.
പാര്‍ക്‌ലന്‍ഡിലെ മര്‍ജറി സ്റ്റോണ്‍മന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ 17 പേരെ കൊലപ്പെടുത്തിയ പൂര്‍വവിദ്യാര്‍ഥിയുടെ തോക്കിന്‍മുനയില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട എമ്മ ഗോണ്‍സലസ് തോക്കുവിരുദ്ധ റാലിയില്‍ നടത്തിയ ഉജ്വല പ്രസംഗമാണു സമൂഹമാധ്യമങ്ങള്‍ ആഘോഷിച്ചത്.
തോക്കുനിയന്ത്രണങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന റൈഫിള്‍ അസോസിയേഷന്‍ (എന്‍ആര്‍എ) തിരഞ്ഞെടുപ്പു പ്രചാരണത്തിനു ട്രംപിനു മൂന്നുകോടി ഡോളര്‍ (195 കോടി രൂപ) സംഭാവന നല്‍കിയിരുന്നു. എന്‍ആര്‍എയില്‍നിന്നു സംഭാവന സ്വീകരിക്കുകയും വെടിവയ്പും കൂട്ടക്കൊലയും നടക്കുമ്പോള്‍ നടുക്കം രേഖപ്പെടുത്തുകയും ചെയ്യുന്ന ട്രംപ് ഉള്‍പ്പെടെ രാഷ്ട്രീയക്കാര്‍ക്കു നാണമില്ലേയെന്ന് എമ്മ വികാരാധീനയായി ചോദിച്ചു.
ട്രംപിനു തോക്കുലോബി കൊടുത്ത തുക, ഈ വര്‍ഷം തോക്കിനിരയായവരുടെ എണ്ണംകൊണ്ടു ഹരിച്ചശേഷം അവള്‍ ചോദിച്ചു: മനുഷ്യജീവന് നിങ്ങള്‍ ഇത്ര വിലയേ കല്‍പിക്കുന്നുള്ളോ? നാഷനല്‍ റൈഫിള്‍സ് അസോസിയേഷനില്‍ നിന്നു ട്രംപും റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും കൈപ്പറ്റിയ വന്‍തുകകളെക്കുറിച്ചു കഴിഞ്ഞ ദിവസമാണ് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെ പത്രങ്ങള്‍ വെളിപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല