സ്വന്തം ലേഖകൻ: പാര്‍ലമെന്റ് അതിക്രമകേസിലെ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പാര്‍ലമെന്റില്‍ അതിക്രമം നടത്തുമ്പോള്‍ ദേഹത്ത് സ്വയം തീകൊളുത്താന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി ഡല്‍ഹി പോലീസ് അറിയിച്ചു. തീകൊളുത്തുമ്പോള്‍ ശരീരത്തില്‍ പൊള്ളലേല്‍ക്കാതിരിക്കാന്‍ പുരട്ടുന്ന ക്രീം കിട്ടാതെ വന്നപ്പോഴാണ് പദ്ധതി ഉപേക്ഷിച്ചതെന്നും പോലീസ് പറഞ്ഞു.
പാര്‍ലമെന്റ് അതിക്രമത്തിലെ മുഖ്യആസൂത്രകനെന്ന് കരുതുന്ന ലളിത് ഝായെ ചോദ്യംചെയ്തപ്പോള്‍കിട്ടിയ വിവരങ്ങളാണ് ഡല്‍ഹി പോലീസ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പാര്‍ലമെന്റിനകത്തും പുറത്തും സ്വയം തീകൊളുത്തുക എന്നതായിരുന്നു പ്രതികളുടെ ആദ്യപദ്ധതി. ഇത് നടക്കില്ലെന്നു മനസ്സിലായതോടെയാണ് പ്ലാന്‍ ബി അനുസരിച്ച് സ്‌പ്രേ അടിക്കുന്ന രീതിയിലേക്ക് പദ്ധതി മാറ്റിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി പിടിയിലായെന്നാണ് ഡല്‍ഹി പോലീസ് അറിയിക്കുന്നത്. രാജസ്ഥാനിലെ നാഗൂര്‍ ജില്ലക്കാരനായ മഹേഷ് കുമാവത് എന്നയാളെ ശനിയാഴ്ചയാണ് പിടികൂടിയത്. മഹേഷിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പോലീസ് നേരത്തെ സംശയിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ കണ്ടെത്താനുള്ള അന്വേഷണവും വിപുലമാക്കി.അതിക്രമംനടന്ന 13ന് മഹേഷും ഡല്‍ഹിയിലെത്തിയിരുന്നുവെന്നാണ് വിവരം.
ലളിത് ഝാ അടക്കം നേരത്തെ പിടിയിലായ അഞ്ച് പ്രതികളുടെയും ചോദ്യംചെയ്യല്‍ തുടരുകയാണ്. പ്രതികളെ അവരവരുടെ വീടുകളിലെത്തിച്ച് തെളിവെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്. പ്രതികളിലൊരാളായ നീലവുമായി പോലീസ് ഹരിയാനയിലേക്ക് പുറപ്പെട്ടുവെന്ന വിവരവുമുണ്ട്.
സാഗര്‍ ശര്‍മ, ഡി. മനോരഞ്ജന്‍ എന്നിവരാണ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം ലോക്‌സഭയുടെ ശൂന്യവേളയില്‍ ചേംബറില്‍ ചാടിയിറങ്ങി അക്രമം നടത്തിയത്. സാഗര്‍, സന്ദര്‍ശക ഗാലറിയില്‍നിന്ന് ലോക്‌സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്‌പ്രേ ചെയ്യുകയായിരുന്നു. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജന്‍, ഈ സമയം സന്ദര്‍ശക ഗാലറിയില്‍ത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാന്‍ തുറക്കുകയും ചെയ്തിരുന്നു. അമോല്‍, നീലംദേവി എന്നിവരെ പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടികൂടുന്നത്.
പിന്നീട് വ്യാഴാഴ്ച രാത്രി പതിനൊന്നോടെ ഡല്‍ഹിയിലെ കര്‍ത്തവ്യപഥ് പോലീസ് സ്റ്റേഷനിലെത്തിയാണ് ലളിത് ഝാ കീഴടങ്ങിത്. വൈകാതെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണസംഘത്തിന് കൈമാറി. കേസിലെ ആറാം പ്രതിയാണ് ഇയാള്‍. പാര്‍ലമെന്റ് അതിക്രമത്തിന് കോപ്പുകൂട്ടിയതും മറ്റുള്ളവരെ ഒരുമിപ്പിച്ചതും ലളിത് ആണെന്നാണ് പോലീസ് പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല