1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2023

സ്വന്തം ലേഖകൻ: മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പാർലമെന്റിലെ സുരക്ഷാ വീഴ്ചയുടെ പേരിൽ അറസ്റ്റിലായ നാലു പേർക്കെതിരെയും ഭീകരവിരുദ്ധ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പ്രകാരം കേസെടുത്തതായി ഡൽഹി പൊലിസ് അറിയിച്ചു. ഡി മനോരഞ്ജനും സാഗർ ശർമ്മയും ലോക്സഭയിൽ അതിക്രമിച്ച് കയറി സന്ദർശക ഗ്യാലറിയിൽ നിന്ന് ചാടിയതിനും ഗ്യാസ് ക്യാനുകൾ തുറന്നതിനും അറസ്റ്റിലായപ്പോൾ, നീലം ആസാദും അമോൽ ഷിൻഡെയും പാർലമെന്റിന് പുറത്ത് ഗ്യാസ് ക്യാനുകൾ തുറന്നതിന് അറസ്റ്റിലായി.

സർക്കാർ നയങ്ങളോടുള്ള എതിർപ്പാണ് പ്രതിഷേധത്തിന് കാരണം എന്നാണ് പ്രതികളുടെ മൊഴി. ഭഗത് സിങിനെ പോലെ ഭരണകൂടത്തിന് മറുപടി നൽകാനാണ് ശ്രമിച്ചതെന്നാണ് ഇന്ന് പുലർച്ചെ 3 മണി വരെ നീണ്ട ചോദ്യം ചെയ്യലിനിടെ പ്രതികൾ പറഞ്ഞതായി വ്യക്തമാകുന്നത്. പ്രധാനമന്ത്രി അമിത് ഷായോടും സ്പീക്കറോടും സംസാരിച്ചു. രാത്രിയിൽ അടിയന്തര സുരക്ഷാ യോഗം ചേർന്നിരുന്നു. പിടിയിലാവർക്ക് ഭീകരബന്ധം ഇല്ലെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.

യുഎപിഎക്ക് പുറമെ, ക്രിമിനൽ ഗൂഢാലോചന, അതിക്രമിച്ച് കടക്കൽ അടക്കം വകുപ്പുകൾ പ്രതികൾക്കെതിരെ ദില്ലി പൊലിസ് ചുമത്തിയിട്ടുണ്ട്. അന്വേഷണം പൂർണ്ണമായി ദില്ലി പൊലിസ് സെപ്ഷ്യൽ സെല്ലിന് കൈമാറും. കേന്ദ്ര ഏജൻസിക്ക് വിടണോ എന്നതിൽ പിന്നീടായിരിക്കും തീരുമാനം. ഇന്ന് രാവിലെ വീണ്ടും പ്രതികളെ പൊലിസ് ചോദ്യം ചെയ്യും

പ്രതികൾക്കെതിരെ സെക്ഷൻ 153 (കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക), 120-ബി (ക്രിമിനൽ ഗൂഢാലോചന), 452 (അതിക്രമം), 186 (പൊതുജനങ്ങളെ തടസ്സപ്പെടുത്തൽ) എന്നിവ പ്രകാരം, പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഒരു മുതിർന്ന പൊലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ 353 (പൊതുസേവകരെ തന്റെ കടമ നിർവഹിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം), യുഎപിഎയുടെ 16, 18 വകുപ്പുകൾ എന്നിവ ചുമത്തിയത്.

“ഞങ്ങൾ അവരെ അറസ്റ്റ് ചെയ്തു, ഇപ്പോൾ ഒളിവിലുള്ള അവരുടെ കൂട്ടാളിയായ ലളിത് ഝായെ പിടികൂടാൻ റെയ്ഡ് നടത്തുകയാണ്. അന്വേഷണം പ്രത്യേക സെല്ലിന്റെ കൗണ്ടർ ഇന്റലിജൻസ് യൂണിറ്റിന് കൈമാറി. കൂടുതൽ അന്വേഷണത്തിനായി എല്ലാ പ്രതികളെയും പിന്നീട് പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എല്ലാ പ്രതികളും ഒറ്റയ്ക്ക് തലസ്ഥാനത്ത് എത്തിയിരുന്നു. ഗുഡ്ഗാവിലുള്ള സുഹൃത്ത് വിക്കിയുടെ വീട്ടിലേക്ക് കൊണ്ടുപോയത് ഝാ ആണ്,” പൊലിസ് വൃത്തങ്ങൾ പറഞ്ഞു.

“പ്രതികൾ ജനുവരിയിൽ സുരക്ഷാ ലംഘനം ആസൂത്രണം ചെയ്യാൻ തുടങ്ങി, മഴക്കാല സമ്മേളനത്തിനിടെ പാർലമെന്റ് സമുച്ചയം സന്ദർശിച്ച മനോരഞ്ജൻ നിരീക്ഷണം നടത്തി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, തന്റെ പ്രാദേശിക എംപിയായ പാർലമെന്റ് അംഗം പ്രതാപ് സിംഹയുടെ പേഴ്‌സണൽ സ്റ്റാഫുമായി മനോരഞ്ജൻ പാസിന്റെ കാര്യം സംസാരിക്കുകയും, ഡിസംബർ 14ന് സന്ദർശക പാസ് തേടുകയും ചെയ്തു.

ഔദ്യോഗിക ജീവനക്കാർ ചൊവ്വാഴ്ച അദ്ദേഹത്തെ വിളിച്ച് പാസ് എടുക്കാൻ ആവശ്യപ്പെട്ടു. പകരം ഡിസംബർ 13നാണ് പാസ് കിട്ടിയത്. ബുധനാഴ്ച രാവിലെ വിക്കിയുടെ വീട്ടിൽ നിന്ന് ടാക്‌സിയിലാണ് ഇവർ പാർലമെന്റിലെത്തിയത്. മനോരഞ്ജനും ശർമ്മയും അകത്തേക്ക് പോയി. ഝായും ആസാദും ഷിൻഡെയും പുറത്ത് കാത്തുനിന്നു,” പൊലിസ് വൃത്തങ്ങൾ പറഞ്ഞു.

സംഭവത്തില്‍ ആറുപേര്‍ക്ക് പങ്കുള്ളതായി പോലീസ് വ്യക്തമാക്കുന്നു. പരസ്പരം അറിയാമായിരുന്ന ഇവര്‍ ഗുരുഗ്രാമിലെ വീട്ടിലാണ് താമസിച്ചിരുന്നതെന്ന് ഡല്‍ഹി പോലീസ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് തൊട്ടുമുമ്പ്‌ പ്രതികള്‍ താമസിച്ചിരുന്ന ഗുരുഗ്രാമിലെ വീട്ടില്‍ ഡല്‍ഹി പോലീസ് പരിശോധന നടത്തി.

അതേസമയം, സംഭവം അന്വേഷിക്കാന്‍ കേന്ദ്രം സമിതിയെ നിയോഗിച്ചു. സി.ആര്‍.പി.എഫ്. ഡി.ജി. ദയാല്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മറ്റ് സുരക്ഷാ ഏജന്‍സികളില്‍നിന്നുള്ള അംഗങ്ങളും വിദഗ്ധരും സമിതിയിലുണ്ടാവും. വീഴ്ചകള്‍ കണ്ടെത്തി തുടര്‍നടപടി ശുപാര്‍ശ ചെയ്യാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ലമെന്റിന്റെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് സമിതി എത്രയും വേഗം സമര്‍പ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.