1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2023

സ്വന്തം ലേഖകൻ: പാർലമെന്റിലെ അതിക്രമ കേസിൽ ആരോപണവിധേയനായ അഞ്ചാം പ്രതിയും മുഖ്യ സൂത്രധാരനുമായ കൊൽക്കത്ത സ്വദേശിയായ ലളിത് ഝാ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇന്നലെ കർത്തവ്യ പഥ് പൊലിസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ഇയാൾ കീഴടങ്ങിയത്. മഹേഷ് എന്ന വ്യക്തിയും ഇയാൾക്കൊപ്പം ഉണ്ടായിരുന്നു.

രാജസ്ഥാനിലെ നഗൌരിയിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. ലളിതിനെ പൊലിസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. കേസിൽ 6 പേരാണ് ഉള്ളതെന്ന് ദില്ലി പൊലിസ് നേരത്തെ പറഞ്ഞിരുന്നു. ലളിത് ഝാ കീഴടങ്ങിയതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.

അതേസമയം, പ്രതി ലളിത് ഝാ തൃണമൂൽ കോൺഗ്രസ് എംഎൽഎ തപസ് റോയ്ക്കൊപ്പം നിൽക്കുന്ന ഒരു ഫോട്ടോയെ ചൊല്ലി, ബിജെപി-തൃണമൂൽ പാർട്ടികൾ തമ്മിൽ കടുത്ത രാഷ്ട്രീയ വാദപ്രതിവാദങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2020 ഫെബ്രുവരി മൂന്നിന് നടന്ന ഒരു സരസ്വതി പൂജ ചടങ്ങിൽ വച്ചെടുത്ത ഫോട്ടോയാണിത്. ഇത് ലളിത് ഝാ സമൂഹ മാധ്യമങ്ങളിൽ അന്ന് പങ്കുവച്ചിരുന്നു.

“നമ്മുടെ ജനാധിപത്യ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരനായ ലളിത് ഝാ, തൃണമൂൽ കോൺഗ്രസ് നേതാവായ തപസ് റോയിയുമായി വളരെക്കാലമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. നേതാവിന്റെ ഒത്താശയെക്കുറിച്ചുള്ള അന്വേഷണത്തിന് ഇത് മതിയായ തെളിവല്ലേ?” ബിജെപിയുടെ പശ്ചിമ ബംഗാൾ പ്രസിഡന്റ് സുകാന്ത മജുംദാർ ട്വീറ്റ് ചെയ്തു.

അതേസമയം, ഈ ആരോപണങ്ങൾ തപസ് റോയി തള്ളിക്കളഞ്ഞു. “ഈ സോഷ്യൽ മീഡിയ പോസ്റ്റിന് ഒരു വിലയുമില്ല. ഒരു ജനപ്രതിനിധി എന്ന നിലയിൽ എനിക്ക് വളരെയധികം പിന്തുണക്കാരും സഹകാരികളുമുണ്ട്. അന്വേഷണം നടക്കട്ടെ. തെളിയിച്ചാൽ രാഷ്ട്രീയം വിടും. ഞങ്ങൾ രാഷ്ട്രീയക്കാരാണ്. പലരും നമുക്കൊപ്പം ചിത്രമെടുക്കുന്നു. 2020 ഫെബ്രുവരിയിലാണെന്ന് ഞാൻ കേട്ടു. ഏകദേശം നാല് വർഷം മുമ്പ്. എനിക്ക് അവനെ അറിയില്ല. പാർലമെന്റ് സുരക്ഷ ഗൗരവമുള്ള വിഷയമാണ്. അന്വേഷണം വഴിതിരിച്ചുവിടുന്നതിന് പകരം, യഥാർത്ഥ അന്വേഷണം നടക്കട്ടെ,” തപസ് പറഞ്ഞു.

തൃണമൂൽ കോൺഗ്രസുമായുള്ള ലളിത് ഝായുടെ ബന്ധം പുറത്തായെന്ന് ബിജെപിയുടെ ദേശീയ ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു. നിരവധി തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം അയാൾ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. കോൺഗ്രസ്, സിപിഐ (മാവോയിസ്റ്റ്), തൃണമൂൽ പാർട്ടികളുമായി ബന്ധമുള്ളവരാണ് പാർലമെന്റിലെ അതിക്രമ കേസിലെ പ്രതികൾ. നിലവിലുള്ള സർക്കാരിനെ തുരങ്കം വയ്ക്കാൻ വേണ്ടിയുള്ള നിരാശാജനകമായ ഇന്ത്യ സഖ്യം വ്യക്തമല്ലേ. 140 കോടി ഇന്ത്യക്കാരുടെ ശബ്ദമായ സ്ഥാപനം, ഇന്ത്യൻ പാർലമെന്റിന് നേരെ ആക്രമണം നടത്തിയത് ലജ്ജാകരമാണ്” മാളവ്യ വിമർശിച്ചുു

അതേസമയം, ടിഎംസി വക്താവ് കുനാൽ ഘോഷ് മാളവ്യയുടെ പോസ്റ്റിനോട് പ്രതികരിച്ചു. “നമുക്ക് വസ്തുതകൾ പരിശോധിക്കാം. കുറ്റവാളികൾ പ്രവേശനം അനുവദിച്ചത് മറ്റാരുമല്ല, ബിജെപി എംപി പ്രതാപ് സിംഹയാണ്. പാർലമെന്റിന്റെ സുരക്ഷയ്ക്കായി സാധാരണ 300 പൊലിസുകാർക്ക് പകരം 176 ഡൽഹി പോലിസ് ഉദ്യോഗസ്ഥർ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ബിജെപിയുടെ ആഭ്യന്തര പരാജയങ്ങൾ പാർലമെന്റിന്റെ സുരക്ഷയുടെ അത്യപൂർവമായ ലംഘനത്തിലേക്ക് നയിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ ഈ കർത്തവ്യ വീഴ്ചയുടെ പേരിൽ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ, ഈ ഗുരുതരമായ സുരക്ഷാ വിട്ടുവീഴ്ചയിൽ അദ്ദേഹത്തിന്റെ കുറ്റബോധത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മാളവ്യയെപ്പോലുള്ള ബിജെപി പ്രചാരകരെ അഴിച്ചുവിടുകയാണ്,” കുനാൽ ഘോഷ് പറഞ്ഞു.

അതേസമയം, പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രം​ഗത്തെത്തിയിരുന്നു. പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ച അതീവ ഗുരുതരമെന്ന് അമിത് ഷാ പറഞ്ഞു. സ്പീക്കറുടെ നിർദ്ദേശപ്രകാരം ആഭ്യന്തര മന്ത്രാലയം അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും അമിത് ഷാ പറഞ്ഞു. സംഭവത്തില്‍ അമിത്ഷാ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷത്തിന്റെ വിമർശനം ശക്തിപ്പെടുന്നതിനിടയിലാണ് അമിത്ഷായുടെ പ്രതികരണം വന്നത്. എന്നാൽ ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തേണ്ടതില്ലെന്നാണ് സ്പീക്കര്‍ അറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.