ജിജി നട്ടാശ്ശേരി
പരിശുദ്ധനായ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 109-ാം ഓര്‍മ്മപ്പെരുന്നാളിന് ഭാരതത്തിലെ പ്രശസ്ഥ തീര്‍ത്ഥാടന കേന്ദ്രവും പ. പരുമല തിരുമേനിയുടെ കബറിടം സ്ഥിതിചെയ്യുന്നതുമായ പരുമല പള്ളിയില്‍ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കൊടിയേറ്റുകര്‍മ്മം നടത്തുന്നതാണ്. പരുമല സെമിനാരി പള്ളി ഇടവകയിലെ മൂന്ന് ഭവനങ്ങളില്‍ നിന്ന് പെരുന്നാള്‍ നേര്‍ച്ചയായി സമര്‍പ്പിക്കുന്ന ആകര്‍ഷകവും മനോഹരവുമായ 3 കൊടികളാണ് പരുമല പള്ളിയങ്കണത്തിലുള്ള മൂന്ന് കൊടിമരങ്ങളില്‍ ഉയര്‍ത്തുന്നത്.
കൊടിയും വഹിച്ചുകൊണ്ട് ഭവനങ്ങളില്‍ നിന്നുള്ള ആഘോഷമായ എഴുന്നള്ളിപ്പ് കൃത്യം 11 മണിക്ക് ആരംഭിക്കും. 12 മണിക്ക് കബറിങ്കല്‍ എത്തിച്ചേരുന്ന പെരുന്നാള്‍ കൊടി പരുമല സെമിനാരി മാനേജര്‍ വന്ദ്യ എം.ഡി. യൂഹാനോന്‍ റമ്പാന്, അസിസ്റന്റ് മാനേജര്‍മാര്‍ വന്ദ്യ ജോസഫ് റമ്പാന്, ഫാ. സൈമണ്‍ സ്കറിയ, പരുമല സെമിനാരി കൌണ്‍സില്‍ അംഗങ്ങള്‍ ജേക്കബ് തോമസ് അരികുപുറം, തോമസ് ടി. പരുമല, ജി.ഉമ്മന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.
കൃത്യം രണ്ട് മണിക്ക് പരുമല പള്ളിയിലെ എല്ലാ മണികളും മുഴങ്ങുമ്പോള്‍ അഭിവന്ദ്യ പിതാക്കന്മാരെ വി.മദിബഹായിലേക്ക്
വരവേല്‍ക്കും. കൊടികള്‍ ആശീര്‍വദിച്ചുകൊണ്ടുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പ. പരുമല തിരുമേനിയുടെ കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥന നടത്തും. 2.20 ന് ആശീര്‍വദിച്ച കൊടികള്‍ വഹിച്ചുകൊണ്ട് ഭക്തജനങ്ങള്‍ ഗാനാലാപനങ്ങളോടും, പ്രാര്‍ത്ഥനാ മന്ത്രോച്ചാരണങ്ങളോടും, ആര്‍പ്പു വിളികളോടും കൂടി പടിഞ്ഞാറേ കൊടിമരത്തിങ്കലേക്ക് മന്ദം മന്ദം നടന്നു നീങ്ങും. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കുചേരും. മലങ്കര സഭാരത്നവും സീനിയര്‍ മെത്രാപ്പോലീത്തായുമായ ഡോ.ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസ് സ്തോത്ര പ്രാര്‍ത്ഥനയോടെ ആദ്യ കൊടി ഉയര്‍ത്തും.
ആ സമയത്ത് ഭക്തജനങ്ങള്‍ കൂട്ടമായി വെറ്റില ആകാശത്തേക്ക് വലിച്ചെറിയും. പെരുന്നാള്‍ ഐശ്വര്യത്തിന്റേയും, വിശുദ്ധിയുടെയും, സമൃദ്ധിയുടെയും ആഘോഷമായി മാറുന്നതിന്റെ പ്രതീകമായിട്ടാണ് വെറ്റില എറിയുന്നത്. ഇത് പരുമല പെരുന്നാളിന് മാത്രമുള്ള ഒരു പ്രത്യേകതയാണ്. രണ്ടും മൂന്നും കൊടികള്‍ നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ ഉയര്‍ത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല