1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2012

ജഗതി ശ്രീകുമാറിന്റെ അറിയപ്പെടാത്ത മകളെ ചുറ്റിപ്പറ്റിയുള്ള മംഗളം-മനോരമ സ്‌ക്കൂപ്പ് യുദ്ധം പുതിയ വഴിത്തിരിവില്‍. ജഗതി വാഹനാപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മകള്‍ ശ്രീലക്ഷ്മിയെക്കുറിച്ചുള്ള വിവരങ്ങളുമായെത്തിയ മംഗളം വാരിക വായനക്കാരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ശ്രീലക്ഷ്മിയമായി ഒരു എക്സ്ക്ലൂസീവ് അഭിമുഖം നടത്തി മനോരമ ആഴ്ചപ്പതിപ്പ് മംഗളത്തെ ബഹുദൂരം പിന്നിലാക്കി.

ജഗതിയുടെ മകളാണ് താനെന്നും അദ്ദേഹമാണ് തന്റെ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള എല്ലാകാര്യങ്ങളും നോക്കുന്നതെന്നും മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ശ്രീലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. ശ്രീലക്ഷ്മിയുടെ മുഖചിത്രവുമായി ഇറങ്ങിയ ആഴ്ചപതിപ്പിന്റെ ഉള്‍പ്പേജില്‍ അമ്മ കലയുടെയും ഇരുവര്‍ക്കുമൊപ്പമുള്ള ജഗതിയുടെ ചിത്രവും ഉള്‍ക്കൊള്ളിച്ചിരുന്നു. ഇതിന് പുറമെ ഇവരുടെയെല്ലാം അഭിമുഖം കൊടുക്കാനുള്ള മിടുക്കും മനോരമ കാണിച്ചിരുന്നു.

എണ്‍പതുകളുടെ തുടക്കത്തിലാണ് ജഗതിയും താനും പരിചയപ്പെടുന്നതെന്ന് കല അഭിമുഖത്തില്‍ പറയുന്നു. കലയുടെ ചേച്ചിയുടെ ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നു ജഗതി. അക്കാലത്ത് വിദ്യാര്‍ഥിനിയായിരുന്ന കല ജഗതിയുടെ നിര്‍ബന്ധപ്രകാരം ‘ഇനിയും ഒരു കുരുക്ഷേത്രം’ എന്ന ചിത്രത്തില്‍ അഭിനയിച്ചു.

തങ്ങള്‍ക്കിടയിലുണ്ടായിരുന്ന സുഹൃദ്ബന്ധം പ്രണയമായി വളര്‍ന്നുവെന്നും പിന്നീട് ഗുരുവായൂരില്‍ പോയി വിവാഹം കഴിച്ചുവെന്നുമാണ് കല പറഞ്ഞത്. ജഗതി കഴുത്തിലണിയിച്ച താലി മാത്രമാണ് വിവാഹത്തിന് തെളിവെന്നും അവര്‍ മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ കല വെളിപ്പെടുത്തിയിരുന്നു.

എന്നാലിപ്പോള്‍ ജഗതിയുടെ മകള്‍ പാര്‍വതി മംഗളത്തിന് നല്‍കിയ അഭിമുഖമാണ് സ്‌കൂപ്പ് യുദ്ധത്തില്‍ വഴിത്തിരിവുണ്ടാക്കിയിരിക്കുന്നത്. ജഗതിയുടെ മകള്‍ പാര്‍വതിയുടെ പുതിയ വെളിപ്പെടുത്തലുമായാണ് മംഗളം ആഴ്ചപതിപ്പിന്റെ പുതിയ ലക്കം വിപണിയിലെത്തിയിരിക്കുന്നത്.

ശ്രീലക്ഷ്മി എന്ന കുട്ടി വെറും ദത്തുപുത്രി മാത്രമാണെന്ന് പാര്‍വതി അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ജഗതിയ്ക്ക് അപകടം പറ്റിയതറിഞ്ഞ് എത്തിയ ശ്രീലക്ഷ്മിയെ ആശുപത്രിയ്ക്കുള്ളില്‍ കയറാന്‍ അവസരമൊരുക്കിയത് പാര്‍വതി ഇടപെട്ടിട്ടാണെന്നും മംഗളത്തിന്റെ അഭിമുഖത്തിലുണ്ട്.

കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ക്കഴിയുന്ന ജഗതിയെക്കാണാന്‍ മകള്‍ ശ്രീലക്ഷ്മിയുമൊത്ത് കല കോഴിക്കോട്ടെ മിംസ് ആശുപത്രിയിലെത്തിയിരുന്നു. നടന്‍ ജഗദീഷാണ് ഇവരുടെ യാത്രയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയത്. തന്റെ എല്ലാകാര്യങ്ങളും നോക്കുന്നത് പപ്പയാണെന്ന് നേരത്തെ ശ്രീലക്ഷ്മി പറഞ്ഞിരുന്നു. തന്നെ ഐഎസ്എസുകാരിയാക്കുകയാണ് പപ്പയുടെ ആഗ്രഹം. തന്റെ സ്‌കൂള്‍ അഡ്മിഷനും കലോത്സവത്തിനുമെല്ലാം പപ്പയാണ് വന്നിരുന്നതെന്നും അഭിമുഖത്തില്‍ ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.

മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ശ്രീലക്ഷ്മിയും കലയും പറഞ്ഞതിന് നേര്‍വിപരീതമായ വെളിപ്പെടുത്തലുകളാണ് പാര്‍വതിയുടെ ഭാഗത്തു നിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.