1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2025

സ്വന്തം ലേഖകൻ: മണിക്കൂറുകള്‍ക്കു മുമ്പ് യുകെ മലയാളികളെ തേടിയെത്തിയത് നോട്ടിംഗ്ഹാമിലെ അരുണ്‍ ശങ്കരനാരായണന്‍ ആനന്ദിന്റെ വേര്‍പാട് ആണെങ്കില്‍ ഇപ്പോഴിതാ, മറ്റൊരു മരണ വാര്‍ത്ത കൂടിയാണ് എത്തിയിരിക്കുന്നത്. സ്‌റ്റോക്ക്‌പോര്‍ട്ടിലെ മലയാളി സമൂഹത്തിനിടയില്‍ വളരെയധികം സജീവമായ ഷാജി എബ്രഹാം എന്ന 60കാരന്റെ വിയോഗമാണത്.

ഏറെക്കാലമായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു പെരുമ്പാവൂര്‍ സ്വദേശിയായ അരുണ്‍ ശങ്കരനാരായണന്‍ ആനന്ദ് എന്ന 39കാരന്‍. വെള്ളിയാഴ്ച അര്‍ദ്ധരാത്രി 11 മണിയോടെ നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലില്‍ വച്ചാണ് മരണം സംഭവിച്ചത്. യുകെയിലെത്തി ജോലിയില്‍ പ്രവേശിച്ച് സ്വപ്നം കണ്ട ജീവിതം പടുത്തുയര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അരുണിനെ കാന്‍സര്‍ ബാധിക്കുന്നതും കുടുംബം തോരാക്കണ്ണീരിലേക്ക് വഴുതിവീണതും. ഭാര്യ ഷീനയ്ക്കും ഏകമകന്‍ ആരവിനും ഒപ്പമായിരുന്നു നോട്ടിംഗ്ഹാമില്‍ അരുണ്‍ താമസിച്ചിരുന്നത്.

2021ലാണ് അരുണ്‍ യുകെയിലെത്തിയത്. തുടര്‍ന്ന് നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലില്‍ നഴ്സായി ജോലിയില്‍ പ്രവേശിച്ചു. അതിനിടെയാണ് റെക്ടല്‍ കാന്‍സര്‍ ബാധിച്ചത് തിരിച്ചറിയുന്നത്. രോഗം കണ്ടെത്തിയപ്പോള്‍ തന്നെ അഡ്വാന്‍സ്ഡ് സ്റ്റേജില്‍ ആയതിനാല്‍ ചികിത്സയുടെ ഭാഗമായി അരുണ്‍ ജോലിയില്‍ വിട്ടു നില്‍ക്കുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനാല്‍ കഴിഞ്ഞ ആറു മാസമായി നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലിലെ പാലിയേറ്റീവ് വിഭാഗത്തില്‍ അഡ്മിറ്റ് ആയിരുന്നു. ചെറിയ കുട്ടി ഉള്ളതിനാലും അരുണിന് മുഴുവന്‍ സമയ ശുശ്രൂഷ ആവശ്യമുള്ളതിനാലും ഭാര്യ ഷീനയ്ക്കും ജോലിക്കു പോകാന്‍ സാധിച്ചിരുന്നില്ല.

പെരുമ്പാവൂര്‍ വെങ്ങോല സ്വദേശിയായ അരുണ്‍ 2021ല്‍ ആണ് കുടുംബ സമേതം യുകെയില്‍ എത്തിയത്. ഭാര്യ ഷീന ഇടുക്കി ഉപ്പുതറ സ്വദേശി ആണ്. ഏക മകന്‍ ആരവിന് ആറു വയസാണ് പ്രായം. അരുണിന്റെ മരണ വിവരം അറിഞ്ഞപ്പോള്‍ മുതല്‍ തന്നെ സാന്ത്വനവും സഹായ സഹകരണങ്ങളുമായി സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരും, നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികളും കുടുംബത്തോടൊപ്പമുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് 60കാരന്‍ ഷാജി എബ്രഹാമിന്റെ മരണ വാര്‍ത്ത എത്തിയത്. കുറച്ചു കാലമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു ഷാജി. 2004ല്‍ യുകെയിലെത്തിയ ഷാജി സ്റ്റോക്ക് പോര്‍ട്ട് മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യമായിരുന്നു. അസോസിയേഷന്റെയും കമ്മ്യുണിറ്റിയുടെയും എല്ലാ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞു നിന്നിരുന്ന ഷാജിയുടെ വേര്‍പാട് കുടുംബത്തോടൊപ്പം തന്നെ മലയാളി സമൂഹത്തിനും വേദന പകരുന്നതാണ്.

മിനി മാത്യു ആണ് ഭാര്യ. ഡാന യോല്‍, റേച്ചല്‍ എന്നിവര്‍ മക്കളാണ്. നാട്ടില്‍ ഇടുക്കി കട്ടപ്പന എടത്തൊട്ടിയില്‍ കുടുംബാംഗമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.