സ്വന്തം ലേഖകൻ: ആകാശത്തുവച്ച് പൈലറ്റിന് രോഗം ബാധിച്ചതോടെ വിമാനം പറത്തി യാതൊരു പരിചയവും ഇല്ലാതിരുന്ന യാത്രക്കാരൻ ചെറു വിമാനം സുരക്ഷിതമായി നിലത്തിറക്കി. എയർ ട്രാഫിക് കൺട്രോളിലേക്കു വിളിച്ച് അവരുടെ സഹായത്തോടെയാണ് വിമാനം നിലത്തിറക്കിയത്. ചൊവ്വാഴ്ച പുലർച്ചെ ബഹാമസിലെ മാർഷ് ഹാർബർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് രണ്ട് യാത്രക്കാരും പൈലറ്റുമായാണ് വിമാനം പറന്നുയർന്നത്.
ഫ്ലോറിഡയ്ക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആകാശത്തുവച്ചാണ് പൈലറ്റ് അസുഖബാധിതനായത്. പിന്നാലെ എയർ ട്രാഫിക് കൺട്രോളിലേക്ക് വിളി വന്നു. ഉടനെ ഫോർട്ട് പിയേർസിലെ എയർ ട്രാഫിക് കൺട്രോളർ ഒറ്റ എൻജിൻ സെസ്ന 208ന്റെ പൊസിഷൻ അറിയാമോ എന്നു ചോദിച്ചു.
അറിയില്ലെന്നും ഫ്ലോറിഡയുടെ തീരം മാത്രമാണ് തന്റെ മുന്നിലെന്നുമായിരുന്നു യാത്രക്കാരന്റെ മറുപടി. സെസ്ന 208നെ യാത്രക്കാരന്റെ സീറ്റിൽനിന്നും നിയന്ത്രിക്കാൻ കഴിയും. ഫ്ലോറിഡയ്ക്കു മുകളിലൂടെ പറന്ന വിമാനത്തിലെ യാത്രക്കാരന് എയർ ട്രാഫിക് കൺട്രോളർ സമചിത്തത കൈവിടാതെ എന്താണ് ചെയ്യേണ്ടതെന്ന് വിശദീകരിച്ചു കൊടുത്തു.
മിനിറ്റുകൾക്കകം വിമാനം എവിടെയാണെന്ന് കൺട്രോളർമാർക്ക് കണ്ടെത്താനായി. ബോക്ക റാത്തോണിനു മുകളിലൂടെ തെക്കോട്ടു പറക്കുകയായിരുന്നു അപ്പോൾ വിമാനം. യാത്രക്കാരന്റെ ശബ്ദം കേൾക്കാൻ ബുദ്ധിമുട്ടുവന്നതോടെ മൊബൈൽ നമ്പർ വാങ്ങി. പാം ബീച്ച് ഇന്റർനാഷനൽ വിമാനത്താവളത്തിൽനിന്നുള്ള കൺട്രോളർമാർക്ക് ബന്ധപ്പെടാൻ വേണ്ടിയായിരുന്നു ഇത്.
എയർ ട്രാഫിക് കൺട്രോളറുടെ നിർദേശപ്രകാരം യാത്രക്കാരൻ വിമാനം സുരക്ഷിതമായി നിലത്തിറക്കി. പിന്നാലെ രക്ഷാപ്രവർത്തകരെത്തി പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല