സ്വന്തം ലേഖകൻ: വിമാനത്തിലെ ശൗചാലയത്തിന്റെ ലോക്ക് തകരാറയതിനെത്തുടര്‍ന്ന് വാതില്‍ തുറക്കാനാകാതെ യാത്രക്കാരന്‍ കുടുങ്ങിയത് ഒരുമണിക്കൂര്‍. മുംബൈ-ബെംഗളൂരു സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. മുംബൈയില്‍നിന്നും വിമാനം പറന്നുയര്‍ന്നതിന് പിന്നാലെയാണ് യാത്രക്കാരന്‍ ശൗചാലയത്തില്‍ കയറിയത്. പിന്നീട് വാതില്‍ തുറക്കാന്‍ കഴിയാഞ്ഞതോടെ ഉള്ളില്‍ കുടുങ്ങുകയായിരുന്നു. വിമാനം ബെംഗളൂരുവില്‍ ഇറങ്ങിയശേഷം ടെക്‌നീഷ്യന്‍ എത്തിയാണ് വാതില്‍ തുറന്ന് അദ്ദേഹത്തെ പുറത്തിറക്കിയത്.
യാത്രക്കാരന്‍ ശൗചാലയത്തില്‍ കുടുങ്ങിയതിന് പിന്നാലെ വാതില്‍ തുറക്കാന്‍ വിമാനത്തിലെ ജീവനക്കാര്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും രക്ഷയുണ്ടായില്ല. തുടര്‍ന്ന് ശൗചാലയത്തിനുള്ളിലേക്ക് ജീവനക്കാര്‍ ഒരു കുറിപ്പ് കൈമാറി – ”സര്‍, ഞങ്ങള്‍ പരാമാവധി ശ്രമിച്ചെങ്കിലും വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. പരിഭ്രാന്തനാകരുത്. നമ്മള്‍ അല്‍പസമയത്തിനകം ലാന്‍ഡ് ചെയ്യും. അതുവരെ സുരക്ഷിതമായി ടോയ്‌ലറ്റിന്റെ അടപ്പിനുമുകളില്‍ ഇരിയ്ക്കണം. എന്‍ജിനീയര്‍ വന്നാലുടന്‍ വാതില്‍ തുറക്കും”.
ഇതോടെ ശുചിമുറിയ്ക്കുള്ളിലിരുന്ന് ഒരുമണിക്കൂര്‍ യാത്ര. വിമാനം ബെംഗളൂരുവില്‍ ഇറങ്ങിയശേഷം ടെക്‌നീഷ്യന്‍ എത്തി വാതില്‍ തുറന്നു. സംഭവത്തില്‍ സ്‌പൈസ് ജെറ്റിന്റെ വിശദീകരണം ഇങ്ങനെ: നിര്‍ഭാഗ്യവശാല്‍, ലോക്കിന്റെ തകരാറുകാരണം യാത്രക്കാരന്‍ ഒരുമണിക്കൂറോളം ശുചിമുറിയില്‍ കുടുങ്ങിയെന്നും ജീവനക്കാര്‍ അദ്ദേഹത്തിന് യാത്രയിലുടനീളം നിര്‍ദേശങ്ങളും സഹായവും നല്‍കിയതായും സ്‌പൈസ് ജെറ്റ് അറിയിച്ചു.
വിമാനം ബെംഗളൂരിലെ കെംപഗൗഡ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ എന്‍ജീനീയറെത്തി ശുചിമുറിയുടെ വാതില്‍ തുറന്നതായും യാത്രക്കാരന് വൈദ്യസഹായം നല്‍കിയെന്നും വിമാനക്കമ്പനി വ്യക്തമാക്കി. യാത്രക്കാരനോട് ക്ഷമ ചോദിച്ച സ്‌പൈസ് ജെറ്റ്, ടിക്കറ്റിന് ഈടാക്കിയ മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്ന് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല