സ്വന്തം ലേഖകൻ: വിമാനത്തിന്റെ എന്‍ജിന് ഉള്ളിലേക്ക് യാത്രക്കാരന്‍ നാണയങ്ങള്‍ ഇട്ടതിനെ തുടര്‍ന്ന് ചൈന സതേണ്‍ എയര്‍ലൈന്‍സ് വിമാനം നാലുമണിക്കൂര്‍ വൈകി. മാര്‍ച്ച് ആറിന് രാവിലെ പത്ത് മണിയ്ക്ക് ചൈനയിലെ സാന്യയില്‍നിന്നും ബെയ്ജിങിലേക്കു പുറപ്പെടാനിരിക്കെയാണ് സംഭവം. യാത്ര സുഗമമാക്കാനാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ ഇയാള്‍ അഞ്ചോളം നാണയങ്ങള്‍ എന്‍ജിന് ഉള്ളിലേക്കിട്ടത്. പരിശോധനയില്‍ നാണയങ്ങള്‍ കണ്ടെത്തിയതായി വിമാന അധികൃതര്‍ അറിയിച്ചു.
ഏറെനേരത്തെ അന്വേഷണത്തിന് ശേഷമാണ് എന്‍ജിനില്‍ നാണയങ്ങള്‍ ഇട്ടത് യാത്രക്കാരില്‍ ഒരാളാണെന്ന് കണ്ടെത്താനായത്. വിമാനം പുറപ്പെടാതിരിക്കാനുള്ള കാരണം വൈകിയാണ് തിരിച്ചറിഞ്ഞതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കൃത്യം നടത്തിയ യാത്രക്കാരനെ വിമാനത്താവളത്തിലെ ജീവനക്കാര്‍ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഇയാളെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അന്ധവിശ്വാസത്തിന്റെ ഭാഗമായി യാത്രക്കാരന്‍ ചെയ്ത പ്രവൃത്തി വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഇത്തരം അപരിഷ്‌കൃത നടപടികളെ ശക്തമായി അപലപിക്കുന്നതായും ചൈനീസ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ വെയ്ബോയില്‍ ചൈന സതേണ്‍ എയര്‍ലൈന്‍സ് പ്രതികരിച്ചു. ഇത് വ്യോമയാന സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
ചൈനയില്‍ 2021-ലും സമാന സംഭവം ഉണ്ടായിട്ടുണ്ട്. വെയ്ഫാങില്‍ നിന്നും ഹൈകോവിലേക്ക് 148 യാത്രക്കാരുമായി പുറപ്പെടാനിരുന്ന വിമാനത്തിലെ യാത്രക്കാരനായിരുന്നു അന്ന് അന്ധവിശ്വസത്തിന്റെ പേരില്‍ എന്‍ജിനുള്ളില്‍ നാണയങ്ങള്‍ ഇട്ടത്. വേങ് എന്ന യാത്രക്കാരന്‍ ചുവന്ന പേപ്പറില്‍ പൊതിഞ്ഞാണ് നാണയങ്ങള്‍ എന്‍ജിനിലേക്കിട്ടത്. റണ്‍വേയില്‍ ചില നാണയങ്ങള്‍ കിടക്കുന്നത് വിമാനത്താവള ജീവനക്കാരാണ് കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ വിമാനം റദ്ദാക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല