സ്വന്തം ലേഖകൻ: മദ്യലഹരിയില്‍ വിമാനത്തില്‍ സഹയാത്രികനുമേല്‍ മൂത്രമൊഴിച്ച വിദ്യാര്‍ഥിയ്ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി അമേരിക്കന്‍ എയര്‍ലൈന്‍സ്. 21-കാരനായ ഇന്ത്യന്‍ വിദ്യാര്‍ഥി ആര്യ വോറയാണ് ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ സഹയാത്രികനു മേല്‍ മൂത്രമൊഴിച്ചത്.
ന്യൂയോര്‍ക്കില്‍നിന്ന് രാത്രി 9.15-ന് പുറപ്പെട്ട് ഡല്‍ഹിയില്‍ ശനിയാഴ്ച ഉച്ചയോടെ ഇറങ്ങിയ എ.എ.292 വിമാനത്തിലാണ് സംഭവം. യാത്രയ്ക്കിടെ മദ്യലഹരിയിലായിരുന്ന ആര്യ ഉറക്കത്തില്‍ മൂത്രമൊഴിച്ചു. ഇത് സമീപത്തുള്ളയാളുടെ ദേഹത്തായി. ഇതോടെ ഇയാള്‍ അധികൃതരെ അറിയിച്ചു.
അതേസമയം മൂത്രമൊഴിച്ച വിദ്യാര്‍ഥി ക്ഷമാപണം നടത്തിയതിനാല്‍, അയാളുടെ അഭ്യര്‍ഥന മാനിച്ച് പോലീസില്‍ അറിയിക്കുന്നില്ലെന്ന് സഹയാത്രികന്‍ പറഞ്ഞു. എന്നാല്‍ വിമാനം അധികൃതര്‍ വിഷയം ഗൗരവത്തിലെടുക്കുകയും വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളറെ വിവരമറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് വിദ്യാര്‍ഥിയെ ഡല്‍ഹി പോലീസിന് കൈമാറി. യുഎസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയാണ് ഇയാള്‍ എന്നാണ് വിവരം. അമിതമായ മദ്യലഹരിയിലായിരുന്ന യുവാവ് വിമാനത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും ജീവനക്കാരുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ തയ്യാറായില്ലെന്നും അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല