സ്വന്തം ലേഖകന്‍: പാസ്‌പോര്‍ട്ട് മാറിപ്പോയി, മലയാളി യുവാവ് ദമാം വിമാനത്താവളത്തില്‍ കുടുങ്ങി. കോഴിക്കോട് അരിക്കോട് സ്വദേശി അബ്ദുള്‍ മുനീറാണ് ദമാം വിമാനത്താവളത്തില്‍ കുടുങ്ങിയത്. കരിപ്പൂര്‍ വിമാത്താവളത്തില്‍ നിന്നുമാണ് അബ്ദുള്‍ മുനീറിന്റെ പാസ്‌പോര്‍ട്ട് മാറിയത്. വെള്ളിയാഴ്ച രാത്രി 11.40 ന് കരിപ്പൂരില്‍ നിന്നും പുറപ്പെട്ട ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലാണ് അബ്ദുള്‍ മുനീര്‍ ദമാമില്‍ എത്തിയത്.
എന്നാല്‍, ഇമിഗ്രേഷന്‍ കൗണ്ടറില്‍ നടപടി ക്രമങ്ങള്‍ക്കായി എത്തിയപ്പോഴാണ് കൈയ്യിലുള്ളത് മറ്റൊരാളുടെ പാസ്‌പോര്‍ട്ടാണെന്ന് മുനീര്‍ തിരിച്ചറിഞ്ഞത്. ഇതേതുടര്‍ന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം ഇദ്ദേഹത്തെ വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയായിരുന്നു.
ഇമിഗ്രേഷന്‍ കൗണ്ടറിലോ ദേഹപരിശോധനയ്ക്കിടെയോ പാസ്‌പോര്‍ട്ട് മാറിയതാകാമെന്നാണ് നിഗമനം. മറ്റൊരാളുടെ പാസ്‌പോര്‍ട്ട് തന്റെ കൈവശം എത്തിയിട്ടുള്ളതുകൊണ്ടുതന്നെ തന്റെ പാസ്‌പോര്‍ട്ട് മറ്റാര്‍ക്കെങ്കിലും ലഭിച്ചിട്ടുണ്ടാകാമെന്നാണ് ഇദ്ദേഹത്തിന്റെ വിശ്വാസം. പാസ്‌പോര്‍ട്ട് മാറിയത് മനസിലാക്കിയ അധികൃതര്‍ മുനീറിനെ ദമാം വിമാനത്താവളത്തിലെ സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല