സ്വന്തം ലേഖകന്‍: പാസ്‌പോര്‍ട്ടിലെ ചെറിയ തെറ്റുകള്‍ തിരുത്താന്‍ ഇനിമുതല്‍ പത്രപ്പരസ്യം നല്‍കേണ്ട ആവശ്യമില്ല. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പേരിലോ വീട്ടു പേരിലോ തിരുത്തല്‍ വരുത്താനാണ് പത്രപ്പരസ്യം നല്‍കേണ്ട ആവശ്യം ഇല്ലാതായത്. ചെറിയ തെറ്റുകള്‍ക്കുപോലും പരസ്യം നിര്‍ബന്ധമാണെന്ന നിയമത്തില്‍ ഇളവു വരുത്താന്‍ ചീഫ് പാസ്‌പോര്‍ട്ട് ഓഫിസര്‍ നിര്‍ദേശം നല്‍കി.
പേരിലെയും വീട്ടു പേരിലെയും അക്ഷരത്തെറ്റ് തിരുത്തണമെങ്കില്‍ അപേക്ഷ നല്‍കുന്നതിനു മുന്‍പായി അതതു ജില്ലകളിലെ രണ്ടു പ്രമുഖ പത്രങ്ങളില്‍ പരസ്യം ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, അക്ഷരത്തെറ്റുപോലെ ചെറിയ തിരുത്തലാണെങ്കില്‍ ഇനിമുതല്‍ പരസ്യം വേണ്ട.
ഭാര്യയുടെ പേരിനുശേഷം ഭര്‍ത്താവിന്റെ പേരു ചേര്‍ക്കുക, കുട്ടിയുടെ പേരിനൊപ്പം പിതാവിന്റെ പേരു ചേര്‍ക്കുക തുടങ്ങിയ രീതിയിലുള്ള തിരുത്തലുകള്‍ വരുത്താനും ഇനി മുതല്‍ പരസ്യം ആവശ്യമില്ല.
പക്ഷേ, തിരുത്തന്നതിനു കൃത്യമായ രേഖകളുടെ പിന്‍ബലം ഉണ്ടായിരിക്കണം. രേഖകളുടെ അഭാവത്തിലോ അപേക്ഷകരുടെ ഉദ്ദേശ്യത്തെപ്പറ്റി സംശയം തോന്നുന്ന സാഹചര്യത്തിലോ പത്രപ്പരസ്യം നല്‍കേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല