സ്വന്തം ലേഖകന്‍: പാസ്‌പോര്‍ട്ട് ഇനി മിന്നല്‍ വേഗത്തില്‍. പോലീസ് പരിശോധന ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള പോലീസ് പരിശോധനകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രസര്‍ക്കാര്‍. പോലീസ് പരിശോധനയ്ക്കായി എടുക്കുന്ന കാലതാമസം ഒഴിവാക്കാനാണു പുതിയ നീക്കം. പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനും പുതുക്കുന്നതിനും വേണ്ട എല്ലാ പോലീസ് പരിശോധനകളും ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
പുതുതായി സൃഷ്ടിച്ച നാഷണല്‍ ക്രൈം ഡേറ്റാ ബേസില്‍നിന്ന് അപേക്ഷകന്റെ ചരിത്രം സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനുമുന്നോടിയായി ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴില്‍ ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്ക്‌സ് ആന്‍ഡ് സിസ്റ്റംസ്(സിസിടിഎന്‍എസ്) തിങ്കളാഴ്ച പുറത്തിറക്കി. 2009ല്‍ വിഭാവനം ചെയ്ത പദ്ധതി ഇപ്പോള്‍ മാത്രമാണ് പുറത്തിറക്കാന്‍ കഴിയുന്നത്. രാജ്യത്തെ 15,398 പോലീസ് സ്റ്റേഷനുകളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
മേല്‍വിലാസവും തിരിച്ചറിയല്‍ വിശദാംശങ്ങളും ഉള്‍പ്പെടെ അപേക്ഷകനുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഫോട്ടോ, ക്രിമിനല്‍ പശ്ചാത്തലമുണ്ടെങ്കില്‍ അക്കാര്യം എന്നിവ പോലീസിന് ഓണ്‍ലൈനായി പരിശോധിക്കാം. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയിലെ വിവരങ്ങള്‍ ഇതിനായി പൊലീസിനു ലഭ്യമാക്കും. സിസിടിഎന്‍എസ് വഴി വിവരശേഖരണത്തിനുള്ള ചുമതല എസ്പി തസ്തികയിലുള്ള പോലീസ് ഉദ്യോഗസ്ഥനു നല്‍കും.
ഇതോടെ പാസ്‌പോര്‍ട്ട് എടുക്കുന്നതിന്റെ പ്രധാന ഘട്ടങ്ങളിലൊന്നായ വീട്ടിലെത്തിയുള്ള പോലീസുകാരുടെ വിവരശേഖരണം ഇല്ലാതാകും. പോലീസ് പരിശോധനയിലും അതിന്റെ റിപ്പോര്‍ട്ട് നല്‍കുന്നതിലുമുണ്ടാകുന്ന കാലതാമസവും ഇല്ലാതാകും. സാധാരണ രീതിയില്‍ ഇപ്പോള്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ 20 ദിവസത്തിലധികം എടുക്കും. ഓണ്‍ലൈന്‍ പോലീസ് വെരിഫിക്കേഷന്‍ വഴി ഈ കാലാവധി ഒരാഴ്ചയായി ചുരുക്കുന്നതാണു കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല