ഘര്‍വാപ്പസി മൂലം കേരളത്തില്‍ അനേകം പെന്തക്കോസ്ത് വിഭാഗങ്ങള്‍ തകര്‍ച്ചാ ഭീഷണിയില്‍. വിശ്വാസികളെ കൂടെ നിര്‍ത്താന്‍ പാസ്‌റ്റെര്‍മാര്‍ നെട്ടോട്ടമോടുന്നു.
ഇന്ത്യയിലാകമാനം സംഘ പരിവാരിന്റ്‌റെ നേതൃത്വത്തില്‍ ആഞ്ഞടിച്ച ഘര്‍ വാപ്പാസി മൂലം കേരളത്തിലെ അനേകം ചെറുകിട പെന്തക്കോസ്ത് സഭാ വിഭാഗങ്ങള്‍ തകര്‍ച്ചയുടെ വക്കിലേക്ക് അടുക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ പല സ്ഥലങ്ങളിലും പരിവര്‍ത്തിത ക്രിസ്ത്യാനികളെ ഹിന്ദു മതത്തിലേക്ക് തിരിയെ കൊണ്ടുവന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും വ്യക്തമായ വിവരങ്ങള്‍ പുറത്തു വന്നു തുടങ്ങിയത് ഇപ്പോള്‍ മാത്രമാണ്.
മധ്യകേരളത്തിലാണ് കൂടുതലായും ഘര്‍ വാപ്പസികള്‍ അരങ്ങേറിയത്. കാലങ്ങളായി ഹിന്ദു മതത്തിലെ പിന്നോക്ക സമുദായങ്ങളില്‍ നിന്നും മതം മാറി പെന്തക്കോസ്ത് സഭയിലേക്ക് എത്തിയവരാണ് കൂടുതലായും തിരിയെ പോയത് എന്നത് ശ്രേദ്ധെയമാണ്. തങ്ങളെ ആരും നിര്‍ബന്ധിച്ചല്ല മറിച്ച് തെറ്റ് മനസ്സിലാക്കി സ്വമനസ്സാലെയാണ് ഹിന്ദു മതത്തിലേക്ക് തിരിയെ പോയെന്നാണ് ഭൂരി പക്ഷവും പറഞ്ഞത്.
കൊല്ലം അഞ്ചല്‍ ഇടമുലക്കളില്‍ വീട്ടമ്മയും രണ്ടു പെണ്മക്കളും ക്രിസ്ത്യന്‍ വിശ്വാസം ഉപേക്ഷിച്ചു ഹിന്ദു മതത്തിലേക്ക് ചേക്കേറി.ഇവര്‍ നിത്യേനെ അമ്പലത്തില്‍ വന്നിരുന്നവരാണെന്നും ഈ സംഭവത്തെ മത പരിവര്‍ത്തനവുമായി കൂട്ടിക്കുഴക്കരുതെന്നും ഹിന്ദു ഐക്യ വേദി പ്രസ്താവനയില്‍ അറിയിച്ചു.കൊട്ടാരക്കരയില്‍ ഒരാള്‍ മതം മാറി.കോട്ടയത്തിനടുത്തുള്ള പൊന്‍കുന്നം,പാലാ,മീനടം എന്നിവിടങ്ങളില്‍ വലിയ തോതിലാണ് ക്രിസ്ത്യന്‍ പെന്തക്കോസ്ത് വിശ്വാസികള്‍ ഹിന്ദു മതത്തിലേക്ക് ചേര്‍ന്നത്.
ഏതാണ്ട് നൂറിലധികം പേര്‍ ഇവിടങ്ങളില്‍ ഘര്‍ വാപ്പസി നടത്തിയതായി ഹിന്ദു ഐക്യ വേദി തന്നെ സമ്മതിച്ചിട്ടുണ്ട്.എറണാകുളം പാവക്കുളം ക്ഷേത്രത്തിലും മതം മാറ്റം നടന്നു.പരമ്പരാഗത ഹൈന്ദവ രീതിയില്‍ ജീവിക്കുവാന്‍ ഉപകരിക്കുന്ന നിലവിളക്ക് ,പുതു വസ്ത്രം ,ഹിന്ദുമത ഗ്രന്ഥങ്ങള്‍ എന്നിവ മതം മാറിയവര്‍ക്ക് വിതരണം നടത്തി.ആലപ്പുഴ ചേപ്പാട് മുന്‍ തലമുറയില്‍ ക്രിസ്ത്യാനികളായി മാറിയ എട്ട് പട്ടികജാതി കുടുംബങ്ങളിലെ മുപ്പത്തഞ്ചോളം പേരാണ് ഹിന്ദുമതം തിരിയെ സ്വീകരിച്ചത്.ചേപ്പാട് മുട്ടം കണിച്ചനെല്ലൂര്‍ പാലത്തറ കുടുംബത്തിലെ എട്ട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് ഏവൂര്‍ വടക്ക് കണിച്ചനെല്ലൂര്‍ തയന്നൂര്‍ ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ വച്ച് ഹിന്ദുമതം സ്വീകരിച്ചത്.
കൊല്ലം അഞ്ചലില്‍ പനച്ചവിള പടിഞ്ഞാട്ടിന്‍ കരയില്‍ ഒരു പെന്തക്കോസ്ത് കുടുംബത്തിലെ അംഗങ്ങളായ മൂന്നുപേര്‍ ഹിന്ദുമതം സ്വീകരിക്കുകയായിരുന്നു. പാലളവീട്ടില്‍ അമ്പി ,മക്കളായ ബ്രില്ല, ബ്രിജി എന്നിവരാണ് മതം മാറിയത്. വേളാര്‍ സമുദായക്കാരായ ഇവര്‍ അഞ്ചു വര്‍ഷം മുന്‍പാണ് കുടുംബനാഥന്റ്‌റെ മദ്യപാനത്തിന് ഒരു പരിഹാരം കിട്ടും എന്ന വാഗ്ദാനത്തിന്റെ പുറത്ത് പെന്തക്കോസ്ത് വിശ്വാസം സ്വീകരിച്ചത്. എന്നാല്‍ സാമ്പത്തികമായോ കുടുംബപരമായോ യാതൊരു ഗുണവും ലഭിച്ചില്ല എന്ന കാരണത്താലാണ് തിരിയെ തങ്ങളുടെ യഥാര്‍ത്ഥ മതമായ ഹിന്ദുമതത്തിലേക്ക് പോകുവാന്‍ ഇടയായത്.
ഇതിനിടെ,ഹിന്ദു മതത്തില്‍ നിന്നും പെന്തക്കോസ്ത് സഭയിലെത്തി കുറേക്കാലം കഴിഞ്ഞ് ആ സഭാ വിഭാഗത്തിലെ പാസ്റ്ററുമായി തെറ്റിപ്പിരിഞ്ഞ ശേഷം സ്വന്തം സഭാവിഭാഗം ഉണ്ടാക്കിയ ഒരാളും തിരിയെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയവരില്‍ പെടുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. പത്തനംതിട്ട റാന്നിക്കടുത്ത് സ്വന്തം സഭ നടത്തിയിരുന്ന പാസ്റ്റര്‍ ആണ് ഇങ്ങനെ തിരിയെ പോയത്.ഒപ്പം കൂടെയുണ്ടായിരുന്ന വിശ്വാസികള്‍ എല്ലാം തന്നെ പാസ്റ്ററുടെ മാതൃക സ്വീകരിച്ചു എന്നാണ് പ്രാദേശിക വാസികള്‍ തന്നെ വെളിപ്പെടുത്തിയ വിവരങ്ങള്‍. ഏതായാലും തങ്ങളുടെ കാല്‍ ചുവട്ടിലെ മണ്ണ് ഇളകിത്തുടങ്ങിയെന്നു മനസ്സിലാക്കിയ ചെറുകിട ഉപദേശികള്‍ കൂടെയുള്ളവരെ ഒപ്പം നിറുത്താന്‍ തുടര്‍ച്ചയായ പ്രാര്‍ഥനാ യോഗങ്ങളും കുടുംബ സംഗമങ്ങളും നടത്തി നിലനില്‍പ്പിനായി പാടുപെടുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല