കേരളത്തിലും വിദേശത്തുമുള്ള മലയാളികളുടെ ഇടയില്‍ സുപരിചിതനായിരുന്ന ബിഷപ് തോമസ് ഫിലിപ്പ് മരംകൊള്ളിലിനെ അടക്കം നിരവധി പേരെ പണം കടം വാങ്ങിയ ശേഷം വണ്ടിചെക്ക് നല്‍കി കബളിപ്പിച്ച പാസ്റ്ററെ റാന്നി പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയില്‍ താമസമാക്കിയിരുന്ന കോട്ടയം ആനിക്കാട് സ്വദേശിയായ പാസ്റ്ററാണ് പോലിസിന്റ്‌റെ പിടിയില്‍ ആയത്. തിരുക്കൊച്ചി സി.എം.സി. ആന്ഗ്ലിക്കന്‍ സഭാ ബിഷപ്പ് നോബിള്‍ മാത്യുവില്‍ നിന്ന് പത്തരലക്ഷവും മുന്‍ ബിഷപ്പ് അന്തരിച്ച തോമസ് ഫിലിപ്പ് മരംകൊള്ളിലില്‍നിന്ന് 13 ലക്ഷം രൂപയും ഇയാള്‍ കബളിപ്പിച്ചു വാങ്ങിയതായി പോലീസിന് വിവരം ലഭിച്ചു. മറ്റൊരാളില്‍നിന്ന് 30,000 രൂപയും ഇയാള്‍ തട്ടിയെടുത്തതായും പെരുമ്പെട്ടി പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചു.
ബിഷപ് ഫിലിപ് മരംകൊള്ളില്‍ അന്തരിച്ച ശേഷമാണ് തട്ടിപ്പിന്റ്‌റെ കഥകള്‍ പുറത്തു വന്നു തുടങ്ങിയത്. ഭര്‍ത്താവ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് പാസ്റ്റര്‍ അദ്ദേഹത്തെ പരിചയപ്പെടാനെത്തിയതെന്ന് ലിസി ഫിലിപ്പ് മരംകൊള്ളില്‍ പറഞ്ഞു. അമേരിക്കയില്‍ പാസ്റ്ററായി ജോലി ചെയ്യുകയാണെന്നും ബാങ്ക് ഓഫ് അമേരിക്കയില്‍ ലക്ഷക്കണക്കിന് ഡോളര്‍ നിക്ഷേപമുണ്ടെന്നും പാസ്റ്റര്‍ അറിയിച്ചു. ഉടനെ ഒരു അത്യാവശ്യത്തിന് പണമാശ്യമുണ്ടെന്നും മറ്റും പറഞ്ഞ് തോമസ് ഫിലിപ്പ് മരംകൊള്ളിലിന്റെ ഐ.ഒ.ബി. അക്കൗണ്ടില്‍നിന്ന് 5000 ഡോളറിന് തുല്യമായ ഇന്ത്യന്‍ രൂപ തട്ടിയെടുത്തു. പകരമായി ബാങ്കില്‍ ഹാജരാക്കിയ ബാങ്ക് ഓഫ് അമേരിക്കയുടെ ചെക്ക് മടങ്ങുകയും ചെയ്തതായി ലിസി നല്‍കിയ പരാതിയില്‍ പറയുന്നു.
ഇതോടൊപ്പംതന്നെ വീടുപണിക്കായി സൂക്ഷിച്ചിരുന്ന 8,50,000 ലക്ഷത്തോളം രൂപയും ഉടന്‍ തരിച്ചു നല്‍കാമെന്ന വ്യവസ്ഥയില്‍ ഇയാള്‍ കൈവശപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പിന്നീട് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് ബിഷപ്പ് നോബിളിനെ പരിചയപ്പെടുന്നത്. തോമസ് ഫിലിപ്പ് മരംകൊള്ളിലിന്റെ പേരുപറഞ്ഞ് പരിചയപ്പെട്ട് പത്തരലക്ഷംരൂപ ഉടന്‍ നല്‍കാമെന്നുപറഞ്ഞ് കൈക്കലാക്കുകയായിരുന്നുവെന്ന് ബിഷപ്പ് നോബിള്‍ ഫിലിപ്പ് പറഞ്ഞു. 2013 മാര്‍ച്ചിലാണ് ബിഷപ്പ് നോബിള്‍ ഫിലിപ്പില്‍നിന്ന് പണം തട്ടിയെടുത്തത്. ഇക്കാലയളവില്‍ ബിഷപ്പ് ഫിലിപ്പ് മരംകൊള്ളില്‍ അന്തരിച്ചു. തുടര്‍ന്ന് പണത്തിനായി ഭാര്യ ലിസി ഫിലിപ്പ് മരംകൊള്ളില്‍ ചെക്കുകള്‍ ബാങ്കില്‍ കൊടുത്തപ്പോഴാണ് ഇയാളുടെ വ്യാജത്തരം പൊളിയാന്‍ തുടങ്ങിയത്.
തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കൊക്കെ ലിസി ഫിലിപ്പ് മരംകൊള്ളില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ ബിഷപ്പ് നോബിള്‍ ഫിലിപ്പിന്റെ പരാതിയില്‍ പാസ്റ്റര്‍ക്ക് എതിരെ മറ്റൊരു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നതായും പോലീസ് പറഞ്ഞു.
എന്നാല്‍, ഈ രണ്ടു കേസുകളിലും ഇയാളെ ഇതുവരെ അറസ്റ്റ് ചെയുവാന്‍ സാധിക്കാത്തവിധം ഇയാള്‍ പല സ്ഥലങ്ങളിലായി മുങ്ങി നടക്കുകയായിരുന്നു. നേരത്തെ അമേരിക്കയിലായിരുന്ന ഇയാള്‍ക്ക് അവിടെയുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടിന്റെ ചെക്കുകള്‍ നല്‍കിയാണ് പണം ആവശ്യപ്പെട്ടിരുന്നത്. അവിടെയുണ്ടായിരുന്ന അക്കൗണ്ട് മരവിപ്പിച്ചിരുന്നു. എന്നാല്‍ ഈ അടുത്തയിടെ വാളക്കുഴി സ്വദേശി സാബു ഫിലിപ്പല്‍നിന്ന് പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ പിടിക്കപ്പെട്ടത്. തുടര്‍ന്നാണ് ഇയാളുടെ പേരിലുള്ള മറ്റെല്ലാ കേസുകളും വെളിയില്‍ വന്നതും അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് സ്ഥീരീകരിക്കുകയും ചെയ്തത്. കൂടുതല്‍ പേരില്‍ നിന്നും ഇത്തരത്തില്‍ ഇയ്യാള്‍ പണം തട്ടിയതായി സൂചനകള്‍ ലഭിക്കുന്നതിനാല്‍ അന്വേഷണം ആ ദിശയിലേക്കും കൂടി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലിസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല