കാഞ്ഞിരപ്പള്ളി: ധാര്മ്മികാധിഷ്ഠിതമായതും ദൈവവിശ്വാസത്തില്‍ അടിയുറച്ചതുമായ ജീവിതശൈലിയില്‍ കുടുംബങ്ങള്‍ വളരേണമെന്ന് ഇടുക്കി രൂപതാദ്ധ്യക്ഷന് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. കാഞ്ഞിരപ്പള്ളി രൂപതയുടെ പത്താം പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഉദ്ഘാടനം രൂപതാ പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മാര്‍ ആനിക്കുഴിക്കാട്ടില്‍. മദ്യപാനവും മയക്കുമരുന്നുകളും സമൂഹത്തെ നാശത്തിലേയ്ക്കു നയിക്കുന്നു. കുടുംബജീവിതത്തെയും ബന്ധങ്ങളെയും തകര്‍ക്കുന്ന സാമൂഹ്യ തിന്മകളില് നിന്നും ദുഷ്ടശക്തികളില്‍ നിന്നും നാം ഒഴിഞ്ഞുമാറണം. സഭാമക്കള്‍ക്കും പൊതുസമൂഹത്തിനും ദിശാബോധം നല്കുന്ന ചാലകശക്തിയായി പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും മാര്‍ ആനിക്കുഴിക്കാട്ടില്‍ ഓര്‍മ്മിപ്പിച്ചു.
സമ്മേളനത്തില്‍ മാര്‍ മാത്യു അറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. നിസ്വാര്‍ത്ഥ സേവനത്തിന്റെയും ശുശ്രൂഷകളുടെയും ഉത്തമ ഉദാഹരണങ്ങളും അംബാസിഡര്‍മാരുമായി പാസ്റ്ററല്‍ കൗണ്‍സിലിലെ ഓരോ അംഗങ്ങളും പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. സിഞ്ചെല്ലൂസ്മാരായ റവ.ഡോ.ജോസ് പുളിക്കല്‍, റവ.ഫാ.അഗസ്റ്റിന് പഴേപറമ്പില്‍, ചാന്‍സിലര്‍ റവ.ഡോ.കുര്യന് താമരശ്ശേരി, ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
പത്താം പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി അഡ്വ.എബ്രാഹം മാത്യു പന്തിരുവേലില്‍ നിയമിക്കപ്പെട്ടു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി കഴിഞ്ഞ 6 വര്‍ഷക്കാലം ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ ചെയ്ത സേവനങ്ങളെ കൗണ്‍സില്‍ അഭിനന്ദിച്ചു.
ഫാ.തോമസ് മറ്റമുണ്ടയില്‍, ഫാ.മാത്യു വടക്കേല്‍, ഫാ.സക്കറിയാസ് ഇല്ലിക്കമുറിയില്‍, ഫാ.മാത്യു പാലക്കുടി, ഫാ.മാത്യു പുത്തന്‍പറമ്പില്‍, ഫാ.അഗസ്റ്റിന് പുതുപ്പറമ്പില്‍, ഫാ.തോമസ് പൂവത്താനിക്കുന്നേല്‍ എന്നിവര്‍ ചെയര്മാന്മാരും റജി ജോസഫ് പഴയിടം, സിസ്റ്റര്‍ റെയ്ച്ചല്‍ വെള്ളക്കട, ജോസ് തോമസ് വെട്ടത്ത്, കെ.ജെ.തോമസ് അടിച്ചിലാമാക്കല്‍, പ്രൊഫ.സാജൂ ജോസഫ്, മാത്യൂസ് മടുക്കക്കുഴി, സണ്ണി എട്ടിയില്‍ എന്നിവര്‍ സെക്രട്ടറിമാരുമായി വിവിധ കമ്മീഷനുകള്‍ക്കും സമ്മേളനം രൂപം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല