സ്വന്തം ലേഖകന്‍: പട്ടേല്‍ സമുദായ സംവരണം, ഗുജറാത്ത് കത്തുന്നു. പിന്നാക്ക വിഭാഗ സംവരണം ആവശ്യപ്പെട്ടു പട്ടേല്‍ സമുദായക്കാര്‍ നിരത്തിലിറങ്ങിയതോടെ ഗുജറാത്തില്‍ വ്യാപക അക്രമം. സമുദായം ആഹ്വാനം ചെയ്ത ബന്ദിനിടെ ഉണ്ടായ പൊലീസ് വെടിവയ്പിലും അക്രമത്തിലും അഞ്ചുപേര്‍ കൊല്ലപ്പെട്ടു.
ചൊവ്വാഴ്ച നടന്ന പട്ടേല്‍ സമുദായ സംവരണ പ്രക്ഷോഭത്തില്‍ യുവനേതാവ് ഹാര്‍ദിക് പട്ടേലിന്റെ തീപ്പൊരി പ്രസംഗത്തില്‍നിന്നു പ്രചോദിതരായ ജനക്കൂട്ടമാണ് അക്രമം അഴിച്ചുവിട്ടത്. പട്ടേല്‍ സമുദായക്കാര്‍ ഇന്നലെ ആഹ്വാനം ചെയ്ത ബന്ദിനിടെയും അക്രമം തുടരുകയായിരുന്നു. നാലുപേര്‍ പൊലീസ് വെടിവയ്പിലും ഒരാള്‍ സംഘര്‍ഷത്തിനിടയിലുമാണു മരിച്ചത്.കല്ലും വടികളുമായി ആള്‍ക്കൂട്ടം പൊലീസിനെ ആക്രമിക്കുകയും വാഹനങ്ങള്‍ക്കു തീയിടുകയും ചെയ്തു. അഹമ്മദാബാദ്, സൂറത്ത്, മെഹ്‌സാന നഗരങ്ങളിലായി നൂറോളം ബസുകളാണു പ്രക്ഷോഭകര്‍ തീവച്ചു നശിപ്പിച്ചത്.
ദ്രുതകര്‍മസേന, സിആര്‍പിഎഫ്, ബിഎസ്എഫ് സേനകളില്‍നിന്നായി അയ്യായിരത്തോളം സേനാംഗങ്ങളെ അഹമ്മദാബാദിലും മറ്റു സംഘര്‍ഷ മേഖലകളിലുമായി വിന്യസിച്ചിട്ടുണ്ട്. നഗരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമം പടരാതിരിക്കാന്‍ അഹമ്മദാബാദില്‍ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനം തടഞ്ഞു.
സന്ധിസംഭാഷണത്തിലൂടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാമെന്നും സമാധാനം നിലനിര്‍ത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രക്ഷോഭകാരികളോട് അഭ്യര്‍ഥിച്ചു. മഹാത്മാ ഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും നാട്ടില്‍ ആരും അക്രമം ആയുധമാക്കരുതെന്നും ശാന്തിമന്ത്രമാണു മുഴങ്ങേണ്ടതെന്നും ഗുജറാത്തി ഭാഷയില്‍ നടത്തിയ ടിവി അഭിസംബോധനയില്‍ മോദി പറഞ്ഞു.
വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയും സമാധാനം പുനഃസ്ഥാപിക്കാന്‍ പ്രക്ഷോഭകരോട് ആവശ്യപ്പെട്ടു. ഇതിനിടെ, അക്രമത്തിന് ഉത്തരവാദി പൊലീസാണെന്നും പിന്നാക്ക സംവരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം തുടരുമെന്നും ഹാര്‍ദിക് പട്ടേല്‍ പ്രഖ്യാപിച്ചു. ലാത്തിച്ചാര്‍ജ് നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേ!ല്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല