സ്വന്തം ലേഖകന്‍: പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന് ബിജെപിയിലെ മോദി വിരുദ്ധ വിഭാഗത്തിന്റെ പിന്തുണയെന്ന് സൂചന. സംവരണം ആവശ്യപ്പെട്ട് ഗുജറാത്തിലെ പാട്ടിദാര്‍ സമുദായം നടത്തുന്ന പ്രക്ഷോഭത്തിന് പിന്നില്‍ സംഘ്പരിവാറിലെയും ബിജെപിയിലേയും വലിയൊരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്നാണ് വാദം.
പ്രക്ഷോഭത്തിന്റെ തലപ്പത്തുള്ള 22 കാരനായ നേതാവ് ഹാര്‍ദിക് പട്ടേലിനെ പിന്തുണക്കുന്നത് സംഘ്പരിവാറിലെ തന്നെ നേതാക്കളാണെന്ന സംശയമാണ് ബലപ്പെടുന്നത്. പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്ക സംവരണം പിന്‍വലിക്കണമെന്നല്ല മറിച്ച് 27 ശതമാനം പിന്നാക്ക സംവരണ ക്വാട്ടയില്‍ പട്ടേല്‍ സമുദായത്തെയും ഉള്‍പ്പെടുത്തണമെന്നാണ് ഹാര്‍ദിക് പട്ടേലിന്റ ആവശ്യം.
ദേശീയ തലത്തില്‍ ജാട്ട് സമുദായത്തെയും ഒപ്പം കൂട്ടി പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്ന ഹാര്‍ദിക് പട്ടേലിന് നിലവിലുള്ള ചട്ടങ്ങള്‍പ്രകാരം ഈയാവശ്യം അംഗീകരിക്കാനിടയില്ലെന്ന് വ്യക്തമായി അറിയാം. മാത്രമല്ല ജാട്ട് സമുദായത്തിന് ഉപസംവരണം ഏര്‍പ്പെടുത്താനുള്ള യുപിഎ സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി അടുത്തിടെ റദ്ദാക്കുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ സാമ്പത്തിക സംവരണം ചര്‍ച്ചയാക്കാനും ഈ സര്‍ക്കാരിന്റെ കാലത്ത് അത് നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനുമാണ് ഹാര്‍ദികിനെ മുന്നില്‍ നിറുത്തുന്നവര്‍ ലക്ഷ്യമിടുന്നത്. ആര്‍എസ്എസും ബിജെപിയിലെ വലിയ വിഭാഗവും ഈ നീക്കത്തെ അനുകൂലിക്കുന്നുണ്ട്. ബീഹാര്‍ തെരഞ്ഞെടുപ്പിന് മുമ്പ് ഈ നീക്കം തുടങ്ങിയതിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിര്‍പ്പ്.
നരേന്ദ്ര മോദി സംഘ്പരിവാറിനുള്ളില്‍ സര്‍വ്വശക്തനാകുന്നത് ചെറുക്കാന്‍ ഈ പ്രക്ഷോഭത്തിനാകുമെന്ന് മോദി വിരുദ്ധ ക്യാംപ് കരുതുന്നു. ബീഹാറില്‍ മോദിയുടെ തോല്‍വി ആഗ്രഹിക്കുന്ന ആര്‍എസ്എസ്‌വിച്ച്പി നേതാക്കള്‍ രാഷ്ട്രീയത്തില്‍ മുന്‍പരിചയമില്ലാത്ത ഹാര്‍ദിക് പട്ടേലിന് എല്ലാവിധ സംഘടനാ ബലവും നല്‍കുന്നുണ്ടെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല