ബ്ലെസിയുടെ കാഴ്‌ചയിലൂടെ മലയാളത്തിനു ലഭിച്ച പത്മപ്രിയ അഭിനയത്തോട് താല്‍ക്കാലികമായി വിടപറയുന്നു. ഉന്നത പഠനത്തിനായി യുഎസിലേക്ക് പോകുന്നതിനാലാണ് പത്മപ്രിയ അഭിനയം പാതിവഴിക്ക് ഉപേക്ഷിക്കുന്നത്. എന്നാല്‍ സിനിമ പൂര്‍ണമായും ഉപേക്ഷിച്ചുള്ള പോക്കായിരിക്കില്ല എന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സിനിമകളുടെ എണ്ണം കുറച്ച് തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ അഭിനയിക്കാനാണ് പത്മപ്രിയയുടെ തീരുമാനം.
ജയരാജിന്റെ സംവിധാനത്തില്‍ ജയറാമിനൊപ്പം നായിക എന്ന ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പത്മപ്രിയ പഠനം തുടരാന്‍ തീരുമാനിച്ചത്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ എംഎ പബ്ലിക് അഡ്‌മിനിസ്‌ട്രേഷന്‍ കോഴ്‌സിനാണ് നടി ചേര്‍ന്നിരിക്കുന്നത്. സിനിമയോട് സ്‌ഥിരമായി വിട പറയുന്നില്ലെന്നും ഇടവേളകളില്‍ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ അഭിനയിക്കാനാണ് തീരുമാനമെന്നും അവര്‍ വ്യക്‌തമാക്കുന്നു.
കഴിഞ്ഞ ഏഴ് വര്‍ഷമായി സിനിമാരംഗത്തുണ്ടെങ്കിലും താനൊരു മികച്ച നടിയല്ലെന്നാണ് പത്മപ്രിയയുടെ സ്വയം വിലയിരുത്തല്‍. ഗ്ലാമര്‍ റോളുകള്‍ ചെയ്യുന്നതിന് ബുദ്ധിമുട്ടില്ലെന്നും കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ നഗ്നയാവാന്‍ മടിയ്‌ക്കില്ലെന്നും പ്രഖ്യാപനം നടത്തിയാണ് പത്മപ്രിയ യുഎസിലേക്ക് പറക്കുന്നത്. പഴശ്ശി രാജയില്‍ നീലിയായി തകര്‍ത്തഭിനയിച്ച പത്മപ്രിയ മലയാളത്തില്‍ അഭിനയിക്കാന്‍ അറിയാവുന്ന നടികളില്‍ പ്രമുഖയാണ്. മികച്ച നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയാണ് പത്മപ്രിയയുടെ താല്‍ക്കാലിക വിടവാങ്ങല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല