സ്വന്തം ലേഖകന്‍: പട്യാല കോടതിയില്‍ ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ബിജെപിക്കാരായ അഭിഭാഷകരുടെ മര്‍ദ്ദനം. രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെ വിചാരണയ്ക്ക് എത്തിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം.
കോടതിയിലെത്തിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഒരുകൂട്ടം അഭിഭാഷകര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും ക്രൂരമായി മര്‍ദനമേറ്റു. ബി.ജെ.പി അനുഭാവികളായ അഭിഭാഷകരാണ് സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയത്.
പാക് വിരുദ്ധ മുദ്രാവാക്യങ്ങളും ഇന്ത്യയെ പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങളും മുഴക്കിയെത്തിയ അഭിഭാഷകര്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ആദ്യം വാക്കേറ്റവും പിന്നീട് കയ്യേറ്റവുമായി. സംഘര്‍ഷം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മാധ്യമങ്ങള്‍ കോടതി വളപ്പിലേക്ക് എത്തിയത്. ഇതോടെ അഭിഭാഷകര്‍ മാധ്യമങ്ങള്‍ക്ക് എതിരെ തിരിഞ്ഞു.
മാധ്യമങ്ങളെ മര്‍ദിച്ച് പുറത്താക്കിയ അഭിഭാഷകര്‍ കോടതി വളപ്പില്‍ കയറരുതെന്ന് വിലക്കി. സംഭവം നടക്കുമ്പോള്‍ ഡല്‍ഹി പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല