ലണ്ടന്‍ : ബീറ്റില്‍സ് ഇതിഹാസം പോള്‍ മക്കാര്ട്ടിനിയുടേയും ഹോളിവുഡ് നടി പമേല ആന്‍ഡേഴ്സണിന്റേയും കാരുണ്യത്തില്‍ സുന്ദറിന് മോചനം. കഴിഞ്ഞ ഏഴ് വര്‍ഷമായി ചങ്ങലയില്‍ ബന്ധിക്കപ്പെട്ട് കഴിഞ്ഞിരുന്ന സുന്ദര്‍ എന്ന ആനയാണ് മക്കാര്ട്ടിനിയുടേയും പമേലയുടേയും അപേക്ഷയെ തുടര്‍ന്ന് മോചിപ്പിക്കപ്പെട്ടത്. സുന്ദറിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഇന്ത്യയുടെ വനം മന്ത്രി പതംഗ റാവൂ കാദമിന് കത്തെഴുതുകയായിരുന്നു. തുടര്‍ന്ന് മന്ത്രി ഇടപെട്ടാണ് സുന്ദറിനെ മോചിപ്പിക്കാന്‍ നടപടിയെടുത്തത്.
മഹാരാഷ്ട്രയിലെ രത്നഗിരിയിലെ ജ്യോതിബാ ക്ഷേത്രത്തിലെ ആനയാണ് സുന്ദര്‍. പരുക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ഏഴ് വര്‍ഷമായി ക്ഷേത്രത്തിന് സമീപമുളള ഒരു ചെറിയ ഷെഡ്ഡില്‍ ചങ്ങലയില്‍ കഴിയുകയായിരുന്നു സുന്ദര്‍. പാപ്പാന് ശരിയായി സംരക്ഷിക്കാത്തത് കാരണം ദുരിതത്തിലായ സുന്ദറിന്റെ കഥയറിഞ്ഞ് അന്താരാഷ്ട്ര മൃഗസംരക്ഷണ സംഘടനയായ പെറ്റയാണ് സുന്ദറിനെ മോചിപ്പിക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്നാണ പെറ്റയുടെ സജീവ പ്രവര്‍ത്തകരായ മക്കാര്‍ട്ടിനിയും പമേലയും വനം മന്ത്രിക്ക് കത്തെഴുതിയത്.
കഴിഞ്ഞദിവസം മോചിതനായ സുന്ദറിനെ ബാംഗ്ലൂരിന് അടുത്തുളള വൈല്‍ഡ് ലൈഫ് റസ്ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് മാറ്റുകയുണ്ടായി. ദുരിത ജീവിതത്തില്‍ നിന്ന് ആനയെ മോചിപ്പിച്ചതില്‍ തങ്ങള്‍ക്ക് നന്ദിയുണ്ടന്ന് മക്കാര്‍ട്ടിനിയും പമേലയും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല