സംഗീതത്തിന് നല്കിയ സംഭാവനകളെ മുന്‍നിര്‍ത്തി ബീറ്റില്‍ ഇതിഹാസം പോള്‍ മക്കാര്ട്ടിനിക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതിയായ ഫ്രഞ്ച് ലെജിന്‍ ഓഫ് ഹോണര്‍ അവാര്‍ഡ് സമ്മാനിച്ചു. പാരീസിലെ എലിസി പാലസില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളണ്ട് മക്കാര്ട്ടിനിക്ക് പുരസ്കാരം സമ്മാനിച്ചത്. മക്കാര്ട്ടിനിക്ക് മുന്‍പ് ബാര്‍ബറ സ്ട്രസാന്ഡും ലിസ മിന്നെല്ലിയുമാണ് ഈ പുരസ്കാരത്തിന് അര്‍ഹരായ ഗായകര്‍. മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയാണ് ഇരുവര്‍ക്കും ഈ പുരസ്കാരം സമ്മാനിച്ചത്.
ഫ്രാന്‍സിന്റെ പരമോന്നത ബഹുമതിക്ക് അര്‍ഹനായതില്‍ വലിയ സന്തോഷമുണ്ടന്ന് പുരസ്കാരം സ്വീകരിച്ച ശേഷമുളള മറുപടി പ്രസംഗത്തില്‍ സര് പോള്‍ മക്കാര്‍ട്ടിനി പറഞ്ഞു. കലാ സാംസ്കാരിക രംഗത്ത് മക്കാര്‍ട്ടിനിയുടെ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണന്നും പരുസ്കാരം സമ്മാനിച്ചുകൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളണ്ട് പറഞ്ഞു. ചെറുപ്പത്തില്‍ തനിക്ക് മക്കാര്ട്ടിനിയേക്കാള് ഇഷ്ടം അദ്ദേഹത്തിന്റെ സഹതാരം ജോണ്‍ ലെന്നോണെ ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1802 ല്‍ നെപ്പോളിയന് ബോണപ്പാര്‍ട്ടാണ് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതിയായ ഫ്രഞ്ച് ലെജിന്‍ ഓഫ് ഹോണര്‍ നല്കുന്ന സമ്പ്രദായം തുടങ്ങി വച്ചത്. പൊതുരംഗത്തും സൈനികരംഗത്തും മികച്ച പ്രകടനം നടത്തുന്ന ഫ്രഞ്ച് പൗരന്മാര്ക്കാണ് സാധാരണയായി ഈ അവാര്‍ഡ് നല്‍കുന്നത്. ഇതിന് മുന്‍പ് എലിസബത്ത് രാജ്ഞി II, നടന് സര് ലോറന്‍സ് ഒളിവര്‍, എഴുത്തുകാരനായ ഗ്രഹാം ഗ്രീനി, യുദ്ധ തന്ത്രജ്ഞന്‍ ഹെന്റി അലിംഗ്ഹാം എന്നീ ബ്രട്ടീഷുകാര്ക്കാണ് ഈ ബഹുമതി ലഭിച്ചിട്ടുളളത്. ലണ്ടന്‍ ഒളിമ്പിക്സിന്റെ ഓപ്പണിംഗ് സെറിമണിയില്‍ മക്കാര്‍ട്ടിനിയുടെ പ്രകടനം ആഗോള പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്ഞിയും മക്കാര്‍ട്ടിനിയെ ആദരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല