സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ സെനറ്റില്‍ ബുര്‍ഖ ധരിച്ചെത്തി പ്രതിഷേധ സൂചകമായി വലിച്ചൂരിയ സെനറ്റ് അംഗത്തിന് രൂക്ഷ വിമര്‍ശനം. ആസ്‌ട്രേലിയയിലെ വലതുപക്ഷ പാര്‍ട്ടി സെനറ്റര്‍ പൗളിന്‍ ഹാന്‍സനാണ് കറുത്ത ബുര്‍ഖ ധരിച്ച് പാര്‍ലമെന്റിലെത്തിയത്. മുഖം മറയ്ക്കുന്ന അത്തരം വേഷവിധാനത്തെ പരിഹസിക്കാനായാണ് പൗളിന്‍ ബുര്‍ഖ ധരിച്ച് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിന്‍ എത്തിയത്. ബുര്‍ഖ നിരോധിക്കണം എന്നതായിരുന്നു പൗളിന്‍ ഹാന്‍സന്റെ ആവശ്യം.
സെനറ്റില്‍ ബുര്‍ഖ ധരിച്ചെത്തുകയും നാടകീയമായി വലിച്ചെറിയുകയും ചെയ്ത ഹാന്‍സന് പക്ഷെ കടുത്ത വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. ദേശീയ സുരക്ഷക്ക് ഭീഷണിയാണ് എന്നതിനാലാണ് മതപരമായ വേഷം നിരോധിക്കണമെന്ന് ആവശ്യമുയര്‍ത്തിയത് എന്നാണ് ഹാന്‍സന്റെ വാദം. ഇത്തരം നാടകങ്ങള്‍ ഇവിടെ വിലപ്പോകില്ല എന്ന മുന്നറിയിപ്പാണ് ഹാന്‍സന് ലഭിച്ചത്.
ഇപ്പോള്‍ ഭരിക്കുന്ന സര്‍ക്കാര്‍ ബുര്‍ഖ നിരോധിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സെനറ്റ് ലീഡറായ ജോര്‍ജ് ബ്രാന്‍ഡിസ് വ്യക്തമാക്കി. ആസ്‌ട്രേലിയയില്‍ ജീവിക്കുന്ന മുസ്ലിങ്ങളുടെ വികാരം വ്രണപ്പെടുത്തിയതിനെതിരെ ബ്രാന്‍ഡിസ്, പൗളിന്‍ ഹാന്‍സനെ താക്കീതു ചെയ്തു. ‘അഞ്ച് ലക്ഷത്തോളം മുസ്ലിങ്ങള്‍ വസിക്കുന്ന രാജ്യമാണ് ആസ്‌ട്രേലിയ. എല്ലാവരും നിയമത്തെ അനുസരിക്കുന്ന നല്ല ആസ്‌ട്രേലിയക്കാരുമാണ്. അതുകൊണ്ട് താങ്കളും നല്ല ആസ്‌ട്രേലിയക്കാരിയാകുക,’ അറ്റോര്‍ണി ജനറല്‍ പൗളിന് താക്കീതായി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല