സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ആരോഗ്യ മേഖലയിലെ എൻഎച്ച്എസ് ജീവനക്കാരുടെ ശമ്പള വർധന സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്ന സൂചനകൾ പുറത്തു വന്നു. എന്നാൽ 72 മണിക്കൂർ പണിമുടക്ക് നടത്തിയ ജൂനിയർ ഡോക്ടർമാരുടെ ശമ്പള വർധന ആവശ്യം പൂർണ്ണമായും അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ബ്രിട്ടനിലെ ലക്ഷക്കണക്കിന് ആരോഗ്യ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനുകളുമായി സർക്കാർ പ്രതിനിധികൾ ചർച്ചകൾ പൂർത്തിയാക്കി കഴിഞ്ഞു. കൂടുതൽ പണിമുടക്കുകൾ ഒഴിവാക്കുന്ന തരത്തിലുള്ള ശമ്പള കരാർ അംഗീകരിക്കാൻ യൂണിയനുകൾ തയാറാകുമെന്നാണ് കരുതപ്പെടുന്നത്. ഇതിനായി കഴിഞ്ഞ ഒരാഴ്ചയിലധികമായി ചർച്ചകൾ നടന്നു.
നഴ്‌സുമാർ, മിഡ്‌വൈഫ്‌മാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, ആംബുലൻസ് തൊഴിലാളികൾ എന്നിവർ ഉൾപ്പടെയുള്ളവർക്ക് ശമ്പള വർധന ലഭിച്ചേക്കും. ഇന്ന് ഉച്ചയോടെ കരാർ പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. നിലവിലെ ശമ്പളത്തിനും തൊഴിൽ സാഹചര്യങ്ങൾക്കുമെതിരെ മാസങ്ങളായി ആരോഗ്യ പ്രവർത്തകർ ബ്രിട്ടനിൽ പണിമുടക്ക് നടത്തിയിരുന്നു.
പണിമുടക്കുകൾ മൂലം എൻഎച്ച്എസ് പ്രവർത്തനങ്ങളിൽ പ്രതിസന്ധികൾ രൂക്ഷമായിരുന്നു. ആരോഗ്യ പ്രവർത്തകർക്കുള്ള ഒറ്റത്തവണ പേയ്‌മെന്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ പ്രഖ്യാപനം ഉണ്ടായേക്കും. എന്നാൽ ഏതൊരു കരാറും യൂണിയനുകളുടെ അംഗങ്ങൾ വോട്ട് ചെയ്ത് അംഗീകരിച്ചാൽ മാത്രമേ പണിമുടക്ക് പൂർണ്ണമായും യൂണിയനുകൾക്ക് അവസാനിപ്പിക്കാൻ കഴിയുകയുള്ളു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല