സ്വന്തം ലേഖകന്‍: നീണ്ടുനിന്ന ആരോപണ പ്രത്യാരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം പിസി ജോര്‍ജിനെ സര്‍ക്കാര്‍ ചീഫ് വിപ് പദത്തില്‍നിന്നും യുഡിഎഫ് ഉന്നതാധികാര സമിതിയില്‍നിന്നും നീക്കാന്‍ തീരുമാനം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ പിസി ജോര്‍ജുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ കേരള കോണ്‍ഗ്രസിന്റെ (എം) ആവശ്യം അംഗീകരിക്കുകയായിരുന്നു.
മുന്നണിയില്‍ നിലനില്‍ക്കുന്ന കീഴ്‌വഴക്കവും മര്യാദയും അനുസരിച്ചാണ് ഇതെന്നു മുഖ്യമന്ത്രി അറിയിച്ചു. ജോര്‍ജ് യുഡിഎഫിന്റെ ഭാഗമായി തുടരുമോ എന്നത് അദ്ദേഹത്തിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗം കഴിഞ്ഞു പുറത്തിറങ്ങിയ ജോര്‍ജ് മാണിയെ വിമര്‍ശന ശര്‍ങ്ങള്‍ കൊണ്ടു മൂടി. ജോര്‍ജിന്റെ ആരോപണങ്ങള്‍ക്കെതിരെ ഇന്നു പ്രതികരിക്കാമെന്നു മാണി അറിയിച്ചു.
രാത്രി ഏഴരയ്ക്കു സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന ചര്‍ച്ച രണ്ടു മണിക്കൂര്‍ നീണ്ടു. എന്നാല്‍ ചര്‍ച്ചയില്‍ മാണി പങ്കെടുക്കാന്‍ തയ്യാറായില്ല. താന്‍ ഉന്നയിച്ച ആവശ്യത്തിന്മേല്‍ ഇന്നലെത്തന്നെ തീരുമാനം ഉണ്ടാകണം എന്ന കര്‍ശന നിലപാടു മാണി സ്വീകരിച്ചു. അതില്‍ ഒരു അയവും വരുത്താന്‍ തയാറല്ലെന്നു വ്യക്തമാക്കി.
ജോര്‍ജിനെ ചീഫ് വിപ് സ്ഥാനത്തുനിന്നു മാറ്റാനും യുഡിഎഫ് ഉന്നതാധികാരസമിതിയില്‍നിന്ന് ഒഴിവാക്കാനും മാര്‍ച്ച് 26 നു കെ.എം. മാണി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനമെന്നു മുഖ്യമന്ത്രി യോഗത്തിനുശേഷം പ്രഖ്യാപിച്ചു. ഒരു ഒത്തുതീര്‍പ്പിലെത്താന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല.
യുഡിഎഫിനും കേരള കോണ്‍ഗ്രസിനും നിരന്തരമായി തലവേദന സൃഷ്ടിക്കുന്ന പ്രസ്താവനകളുടെയും നടപടികളുടെയും പേരിലാണു ജോര്‍ജിനെ നീക്കണമെന്നു മാണി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ജോര്‍ജിനെ മുന്നണിയുടെ ഭാഗമായി തന്നെ നിലനിര്‍ത്തിക്കൊണ്ടുപോകുക എന്ന ഉദ്ദേശ്യത്തോടെ തീരുമാനം നീട്ടിക്കൊണ്ടുപോകുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ മാണിയുടെ കീഴില്‍ എംഎല്‍എ ആയി മാത്രം തുടരാനില്ല എന്ന ജോര്‍ജിന്റെ നിലപാട് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.
ജോസ് കെ മാണിക്കെതിരെ പരാമര്‍ശങ്ങള്‍ ഉള്ള സരിതാ നായരുടേത് എന്നു പറയപ്പെടുന്ന കത്തു കൂടി പുറത്തുവന്നതോടെ മാണി കര്‍ശന നിലപാടു സ്വീകരിച്ചു. അതോടെയാണ് ജോര്‍ജിന് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല