പി. സി. ജോര്‍ജ്ജ് പറഞ്ഞ “പട്ടികജാതിക്കാരന്‍” പ്രയോഗത്തെത്തുടര്‍ന്നു എ. കെ. ബാലന്‍ കേസ് കൊടുക്കുന്നു, കേരളത്തിലെ മാധ്യമ സമൂഹം ആകെ അതിന്റെ പിന്നാലെ അടുത്ത വിവാദവും തപ്പി നടക്കുന്നു.എല്ലാം കൂടെ കാണുമ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികളും ജഗപൊകയുമൊന്നുമില്ലാത്ത സാധാരണക്കാര്‍ ഇങ്ങനെയൊക്കെ ചിലത് അറിയാതെ ചിന്തിച്ചു പോയാല്‍ കുറ്റപ്പെടുത്തുന്നതെങ്ങനെ? പി. സി. ജോര്‍ജ്ജ് പറഞ്ഞത് ഒട്ടുമേ ശരിയല്ല എന്ന് തന്നെയാണ് ലേഖകന്റെ അഭിപ്രായം. പക്ഷെ ആ പറഞ്ഞതിന്റെ ശരിയും തെറ്റുമല്ല, അതിന്റെ പിന്നാലെ വന്ന കണ്ണടച്ചിരുട്ടാക്കലാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്.
സത്യമേവ ജയതേ.
ഓരോരുത്തരും അര്‍ഹതയില്ലാത്ത ഔദാര്യങ്ങള്‍ വേണമോ എന്ന് ചിന്തിയ്ക്കണം. ഔദാര്യങ്ങള്‍ക്കുവേണ്ടി ജാതിവ്യത്യാസം അഥവാ വര്‍ണ്ണ-വര്‍ഗ്ഗ വ്യത്യാസം സ്വയം പറഞ്ഞുനടക്കുന്നതു തെറ്റല്ലേ എന്ന് ചിന്തിയ്ക്കണം. മനുഷ്യന്‍ എന്ന ഒരു ജീവിയെക്കുറിച്ചല്ല, ജാതിയുടെയും മതത്തിന്റെയും, തൊലിയുടെ നിറത്തിന്റെയും ഒക്കെ വ്യതാസങ്ങളുടെ അളവുകോലില്‍ മുടിനാരുകീറി വിഭാഗീയതയുണ്ടാക്കുന്നതും പോരാഞ്ഞു ഇന്ന് അതിലും മേലെ, രാഷ്ട്രീയപ്പാര്ട്ടികളുടെ കൊടിയുടെ നിറവും വീതം വെച്ചെടുക്കുകയാണ് ഭാരതീയനെ!
സംവരണം -ഒരു പൊതുവായ സംശയം…..
ഈ പറയപ്പെട്ട ജാതിവ്യവസ്ഥയെ ഒഴിവാക്കാനായി അറുപതിലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഭാരതത്തില്‍ സംവരണം എന്നൊരു സംഭവം കൊണ്ടുവന്നു. പ്രഖ്യാപിത ജനത്തെ ഗാന്ധിജി ലോകത്തില്‍ സമത്വം പുലരാന്‍ ഹരിജനം എന്നൊരു സ്വാതന്ത്ര്യാനന്തരം അവതരിപ്പിച്ചു. എന്നാല്‍ ഇന്ന്, ചിലരൊക്കെ അതിന്റെ ഗുണഫലം അനുഭവിയ്ക്കാന്‍ പുലയനും, പറയനും, മണ്ണാനും, വേലനും, എന്നു വേണ്ട എന്തൊക്കെ വര്‍ഗ്ഗ–വര്‍ണ്ണ വ്യത്യാസങ്ങള്‍ നൂലിഴ ചികഞ്ഞു കൊണ്ടു വരാമോ അതൊക്കെ കൊണ്ടു വരുന്നതും എല്ലാ സര്ക്കാര്‍ സംബന്ധിയായ കടലാസുകളിലും രേഖകളിലും, എന്തിന് സമ്മദിദായകന്റെ രേഖകളിലും നാമനിര്‍ദ്ദേശപത്രികകളില്‍പ്പോലും ആ ജാതിപ്പേരുകള്‍ യാതോരുളുപ്പും കൂടാതെ സ്വയം എഴുതുന്നതും എന്തേ മറന്നു പോകുന്നു? ഒരേകാര്യം തന്നെ, തന്റെ ഗുണത്തിനാവുമ്പോള്‍ കിരീടവും മറ്റാരെങ്കിലും പറഞ്ഞാല്‍ പരിഹാസപ്പേരും ആകുന്നതെങ്ങനെ? ഒപ്പം, മറ്റു ചിലര്‍ ബ്രാഹ്മണനും നായരും ക്രിസ്ത്യാനിയും മുസല്മാനും ഒക്കെ, ദോഷഫലങ്ങള്‍ ഏറ്റെടുക്കാന്‍ വേണ്ടിയും അവരവരുടെ ജാതിപ്പേര് പറയുന്നതും ഓര്‍ക്കണം, ഓര്‍ത്തേ മതിയാവൂ….
കുഴിതോണ്ടലും ശവംതോണ്ടലും….. ?
ലംപ്സം ഗ്രാന്റു കിട്ടാനും സംവരണത്തിന്റെ ആനുകൂല്യത്തില്‍ ജോലി നേടാനും മാത്രം ഈ പട്ടികകളെ ഉപയോഗിയ്ക്കുന്നുവെങ്കില്‍ അത് തെറ്റ് തന്നെയാണ്, ഒരു പുന:പരിശേധനയ്ക്ക് വിധേയമാക്കേണ്ടതും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. സര്‍ക്കാര്‍ ഉദ്യോഗം കിട്ടാനും മറ്റാനുകൂല്യങ്ങള്‍ക്കും ജാതിപ്പേരോ മറ്റെന്തൊക്കെത്തന്നെയാണെങ്കിലും കുഴപ്പമില്ല, പുരസ്ക്രിയയുടെ തിലകക്കുറിയായി വെയ്ക്കാം, എവിടെ, എങ്ങനെ വേണമെങ്കിലും പറയാം, അല്ലാതെ പറഞ്ഞാല്‍ പരിഹാസപ്പേര്, അപമാനം എന്നുള്ള രീതി – ഈ സൗകര്യം- ചെയ്തു കൊടുക്കുന്ന ഭൂരിപക്ഷത്തോടും ഒപ്പം സാധാരണ സാമൂഹിക നീതിയോടുമുള്ള വഞ്ചനയാണ്. അത് തിരുത്തേണ്ടത് ഭാരതത്തിന്റെ ആവശ്യമാണ്. ജാതിപ്പേര് പറയാന്‍ ബുദ്ധിമുട്ടുന്നവര്‍ അതുപയോഗിയ്ക്കുന്നത് നിര്‍ത്തണം, നിര്‍വ്യാജം, ഗുണദോഷം നോക്കാതെ ഉപേക്ഷിയ്ക്കണം. അല്ലെങ്കില്‍ പുംശ്ച്വലിത്വം എന്ന് മാത്രമേ അതിനെ വിശേഷിപ്പിയ്ക്കാനാവൂ…. എന്ന് പറയേണ്ടിവരും.അതല്ലേ ശരി?
താനൊരു ബ്രാഹ്മണനാനെങ്കില്‍, പുലയനാനെങ്കില്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആണെങ്കില്‍ അങ്ങനെ, അന്തസ്സോടെ, ബ്രാഹ്മണനനെന്നും പുലയനാനെന്നും തന്നെ പറയുകയാണ്, പറയിപ്പിയ്ക്കുകയാണ് ഈ സംവരണങ്ങള്‍ കൊണ്ടു സംഭവിയ്ക്കേണ്ടത്. ബ്രഹ്മത്തെ- പരമാത്മാവിനെ- അറിയുന്ന, ജീവിതത്തിലെ ബ്രാഹ്മണനാകാനുള്ള, ബ്രഹ്മജ്ഞാനമുള്ള പരിശീലനം ആകണം അല്ലാതെ ജാതിയിലെ ബ്രാഹ്മണനാകാനുള്ള പരിശീലനമല്ല സംവരണം. നമ്മുടെ സമാനതകളില്ലാത്ത,, അതിസുന്ദരമായ അദ്വിതീയമായ സംസ്കൃതിയെ ചോദ്യം ചെയ്യുന്ന തലതിരിരിഞ്ഞ രീതികള്‍ മാറണം. പുലയനോ പറയനോ അല്ലെങ്കില്‍ വേറെന്തിങ്കിലുമോ ഒക്കെയോ ആകട്ടെ, ഏതെങ്കിലും പട്ടികജാതി-പട്ടികവര്ഗ്ഗം എന്നൊരു പട്ടികയുണ്ടാക്കിയിട്ട്, അതില്‍പ്പെട്ടവനെ/അതില്‍പ്പെട്ടവളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ വരുന്നതിനെ തടയുന്നതാണ് തെറ്റ്. രാജ്യത്തെ ഭൂരിപക്ഷം വരുന്ന മറ്റു വിഭാഗങ്ങളുടെ ഔദാര്യം പറ്റുകയാണ് എന്നാ തോന്നല്‍ ഉണ്ടാകുന്നത് കൊണ്ടാണ് ഈ അപകര്‍ഷതാബോധം.
ഒരു അധ:കൃതനെ, ഈ പറയപ്പെട്ട പട്ടികകളില്‍പ്പെട്ട ഒരാളെ, രാജ്യത്തിന്റെ പരമാധ്യക്ഷസ്ഥാനത്തും എന്തിന്, മറ്റൊരാളെ പരമോന്നത നീതിപീഠത്തിന്റെ പോലും അധ്യക്ഷസ്ഥാനത്തിരുത്തിയ പാരമ്പര്യമുള്ള, കഴിവുള്ള എല്ലാവരെയും തുല്യതയോടെ കാണുന്ന ഭാരതത്തിന്റെ, പ്രത്യേകിച്ച് കേരളത്തിന്റെ സാമൂഹിക വ്യവസ്ഥയില്‍ ഇനിയും ഇത്തരം വിലകുറഞ്ഞ, ബാലിശമായ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഭൂഷണമല്ല എന്ന് മാത്രമല്ല, അപമാനമാണ് താനും.
രണ്ടു വിഷയങ്ങളാണ് ഈ ലേഖനം വഴി പ്രതിപാദിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നത്. ഒന്ന്, നേരത്തെ പറഞ്ഞത് പോലെ സംവരണവും അതിന്റെ അല്ലെങ്കില്‍ അതിന്റെ ഗുണഭോക്താക്കളുടെ പൊള്ളത്തരങ്ങളും. രണ്ട്, മാധ്യമസംസ്കാരത്തിന്റെ നേരും നെറിയും കാണിയ്ക്കുന്ന പൊളിച്ചെഴുത്ത്.
പത്രധര്‍മ്മം – വാര്‍ത്താ മാദ്ധ്യമങ്ങളുടെ ഉത്തരവാദിത്തം….
ഈ കാര്യമാണ് മാദ്ധ്യമ സമൂഹം മുഖവിലക്കെടുക്കേണ്ടത്. വിവാദങ്ങളിലൂടെയും അല്ലെങ്കില്‍ വിവാദങ്ങളുടെ പുകമറയിലൂടെയും മറ്റും വാര്‍ത്തകള്‍ സൃഷ്ട്ടിച്ചു പത്രത്തിന്റെ/ചാനലിന്റെ പ്രചാരണം കൂട്ടുന്ന ഈ പ്രവണത നിയമം മൂലം തന്നെ തടയേണ്ടിവരും. പണത്തിനു വേണ്ടി പ്രശസ്തി, അത് സുപ്രസിദ്ധിയോ കുപ്രസിദ്ധിയോ ആയിക്കോട്ടെ, ഉണ്ടാക്കാന്‍ ഇന്ന് പത്രങ്ങളെയും ചാനലുകളേയും കുറെയേറെ ഉപയോഗിയ്ക്കുന്നുണ്ട്. അത് ശരിയ്ക്കും സാമൂഹിക നീതിയോടുള്ള, യഥാര്‍ത്ഥ പത്രധര്‍മ്മതോടുള്ള വഞ്ചനയാണ്. സാധാരണ ജനത്തോടുള്ള വെല്ലുവിളിയാണ്. തെറ്റായ വാര്‍ത്തകളും തെറ്റിധാരണകളും പകയും വിദ്വേഷവും വളര്‍ത്തുന്നതുമായ വാര്‍ത്തകളും ലേഖനങ്ങളും ഒഴിവാക്കിത്തന്നെ മുന്നോട്ടു പോകേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു. ചലച്ചിത്രങ്ങല്‍ക്കുള്ളതുപോലെ പരാമര്‍ശങ്ങളിലെയും വാര്‍ത്തകളിലെയും ഉള്ളടക്കത്തിന് ഒരു നിയന്ത്രണം ആവശ്യമായിരിയ്ക്കുന്നു. പകയും വിദ്വേഷവും വളര്‍ത്തുന്നതുമായ വാര്‍ത്തകളും ലേഖനങ്ങളും ഒഴിവാക്കിത്തന്നെ മുന്നോട്ടു പോകേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു. മാദ്ധ്യമസ്വാതന്ത്ര്യം എന്നു മുറവിളികൂട്ടുന്നവര്‍, നിങ്ങളുടെ ഈ ദു:സ്വാതന്ത്ര്യം കൊണ്ടു ഹനിയ്ക്കപ്പെടുന്നത് സാധാരണ ജനത്തിന്റെ സമാധാനമായി ജീവിയ്ക്കാനുള്ള അവകാശമാണ് എന്നു മനസ്സിലാക്കേണ്ടതുണ്ട്. വാര്‍ത്തകളും ലേഖനങ്ങളും ജനോപകാരപ്രദമായി പ്രചരിയ്ക്കട്ടെ, അല്ലാതെ ജനദ്രോഹത്തിനാവാതിരിയ്ക്കട്ടെ.
ജാതിയും മതവും രാഷ്ട്രീയവും ഒക്കെ വേര്‍തിരിവുകള്‍ ഉണ്ടാക്കാനല്ല, സാമൂഹിക നന്മാകള്‍ക്കാണെന്ന തിരിച്ചറിവ്, ആ യാഥാര്‍ത്ഥ്യം തുടര്‍ച്ചയായി പകര്‍ന്നുകൊടുത്ത് ഇന്നത്തെ യുവതലമുറയില്‍ കുത്തിവെയ്ക്കപ്പെട്ടിരിയ്ക്കുന്ന വൈരാഗ്യത്തിന്റെ വിഷവിത്തുകളെ കടയോടെ പിഴുതെറിയാന്‍ പൊലിയാവിളക്കുകളായി സമാധാനത്തിന്റെയും സമത്വത്തിന്റെയും ഭഗിനീപതികളായ വാര്‍ത്താ മാദ്ധ്യമങ്ങള്‍ മുന്നോട്ടുവരട്ടെ, മിന്നാരമായി നിറഞ്ഞു കത്തി പ്രഭചൊരിയട്ടെ!
“ഭാരതമെന്നു കേട്ടാല്‍ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍, കേരളമെന്നു കേട്ടാലോ, അഭിമാനപൂരിതമാകണമന്തരംഗം……”
ലോകാ: സമസ്താ: സുഖിനോ ഭവന്തു:
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല