കശ്മീര്‍ ചരിത്രത്തില്‍ ആദ്യമായി ബിജെപി സംസ്ഥാന ഭരണത്തിന്റെ ഭാഗമാകുന്നു. രണ്ടു മാസത്തോളം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കശ്മീരില്‍ കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിക്കാന്‍ ബിജെപിയും കശ്മീര്‍ കക്ഷിയായ പിഡിപിയും തമ്മില്‍ ധാരണയായി.
പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയീദിന്റെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ മാര്‍ച്ച് ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും എന്നാണ് സൂചന. ഒരു ഹിന്ദു രാഷ്ട്രീയ കക്ഷിയുടെ കശ്മീര്‍ പോലുള്ള ഒരു മുസ്ലീം ഭൂരിപക്ഷ സംസ്ഥാനത്തേക്കുള്ള രംഗ പ്രവേശം ചരിത്രപ്രധാനമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
വിവാദ വകുപ്പായ 370, പട്ടാളത്തിന് പ്രത്യേക അധികാരം നല്കുന്ന നിയമം എന്നിവയിലാണ് ഇരു പാര്‍ട്ടികളും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നത്. എന്നാല്‍ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും ചര്‍ച്ചിയിലൂടെ പരിഹരിച്ചതായും ഇരു പാര്‍ട്ടികളും തമ്മില്‍ ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്നും ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പിഡിപി തലവന്‍ മുഫ്തി മുഹമ്മദ് സയീദും തമ്മില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന അവസാന് ഘട്ട ചര്‍ച്ചക്കു ശേഷം പൊതു മിനിമം പരിപാടിയിലെ ഇനങ്ങള്‍ പരസ്യപ്പെടുത്തുമെന്നും അമിത് ഷാ പറഞ്ഞു.
ഇരു കക്ഷികള്‍ക്കും ഇടയിലെ വകുപ്പുകളുടെ വിഭജനം പൂര്‍ത്തിയായതായാണ് സൂചന. ആഭ്യന്തരവും ധനകാര്യവും പിഡിപി കൈവശം വക്കുമ്പോള്‍ ടൂറിസം, പൊതുജനാരോഗ്യം, ആസൂത്രണം എന്നിവ ബിജെപി കൈകാര്യം ചെയ്യും.
സയീദ് അഞ്ചു വര്‍ഷവും മുഖ്യമന്ത്രി സ്ഥാനത്തിരിക്കുകയും ബിജിപെയുടെ നിര്‍മ്മല്‍ സിംഗിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുകയും ചെയ്യുമെന്നതാണ് മറ്റൊരു ധാരണ. ഡിസംബറില്‍ നടന്ന പൊതു തെരെഞ്ഞെടുപ്പില്‍ ബിജിപി 25 സീറ്റുകളും പിഡിപി 28 സീറ്റുകളും നേടിയിരുന്നെങ്കിലും ഇരു കക്ഷികള്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയില്‍ ആകുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല