സ്വന്തം ലേഖകന്‍: കശ്മീര്‍ വിഘടനവാദി നേതാവ് മസാരത് ആലമിന്റെ റാലിയില്‍ പാക് പതാക ഉപയോഗിച്ച സംഭവുമായി ബന്ധപ്പെട്ട് ഉടന്‍ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിനോട് ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിന്റെ പേരു പറഞ്ഞ് രാജ്യ സുരക്ഷ അപകടത്തിലാക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി മുഫ്തിയോട് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.
മറ്റൊരു വിഘടന വാദി നേതാവായ ഹുറിയത് കോണ്‍ഫറന്‍സിലെ സയീദ് അലി ഷാ ഗീലാനിയുടെ കശ്മീര്‍ താഴ്വരയിലേക്കുള്ള മടങ്ങിവരവിനെ സ്വാഗതം ചെയ്യാനാണ് മസാരത് ആലം ശ്രീനഗറില്‍ റാലി സംഘടിപ്പിച്ചത്. നൂറുകണക്കിനാളുകളാണ് റാലിയില്‍ പങ്കെടുത്തത്. സംസ്ഥാനത്തെ പോലീസ് ആസ്ഥാനത്തിനു മുന്നിലൂടെ നീങ്ങിയ റാലിയില്‍ ചിലര്‍ പാക് പതാക വീശുകയായിരുന്നു.
2010 ല്‍ കശ്മീര്‍ താഴ്വരയില്‍ ജനങ്ങള്‍ ഒരു വശത്തും പോലീസും ഇന്ത്യന്‍ സൈന്യവും മറുവശത്തുമായി സംഘര്‍ഷം ഇളക്കിവിട്ടവരില്‍ പ്രധാനിയാണ് മസാരത് ആലം. തുടര്‍ന്നുണ്ടായ ആക്രമണങ്ങളില്‍ നൂറോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു. തന്റെ തീവ്രവാദ ചായ്‌വുള്ള നിലപാടുകളുടെ പേരില്‍ മസാരത് അറസ്റ്റിലാകുകയും ചെയ്തു.
എന്നാല്‍ ബിജെപി പിന്തുണയോടെ പിഡിപി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ മാര്‍ച്ചില്‍ മസാരിതിനെ ജയിലില്‍ നിന്ന് വിട്ടയക്കാനുള്ള വിവാദ തീരുമാനം എടുക്കുകയായിരുന്നു. മസാരിതിനെ വിട്ടയക്കാനുള്ള തീരുമാനം ബിജെപി, പിഡിപി ബന്ധത്തെ ബാധിച്ചു. അതിനു തൊട്ടു പുറകെയാണ് പാക് പതാക വിവാദ ഉയര്‍ന്നു വന്നിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല