സ്വന്തം ലേഖകന്‍: ബിഗ് ബോസില്‍ മൊട്ടിട്ട പേളി, ശ്രീനിഷ് പ്രണയത്തിന് നാളെ താലികെട്ട്; വൈറലായി ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍. മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അവതാരകയും നടിയുമായ പേളി മാണിയും നടന്‍ ശ്രീനിഷ് അരവിന്ദും ഞായറാഴ്ച്ച വിവാഹിതരാവകയാണ്. വിവാഹത്തിന് മുന്‍പുള്ള ബ്രൈഡല്‍ ഷവറിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പേളി. ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ പിങ്ക് നിറത്തിലുള്ള ഷോര്‍ട് ഡ്രസ്സ് അണിഞ്ഞാണ് പേളി പങ്കെടുത്തത്.
മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സെറ്റില്‍ വച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. ബിഗ് ബോസ് സെറ്റില്‍ വച്ച് പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇവര്‍ എന്നു വിവാഹിതരാകുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. റിയാലിറ്റി ഷോ സെറ്റിലും അതിനു ശേഷവും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും. പ്രണയം സത്യമാണോ എന്നും സംശയങ്ങളും ഗോസിപ്പുകളും പ്രചരിച്ചിരുന്നു.
ഇതിനിടെയാണ് ആകാംക്ഷ കൂട്ടിക്കൊണ്ട് പേളിയും ശ്രീനിഷും കഴിഞ്ഞ വര്‍ഷം അവസാനം ഒരു മ്യൂസിക്കല്‍ വീഡിയോ പുറത്തു വിട്ടത്. ആ വീഡിയോ പുറത്തു വന്നതിനു ശേഷവും ഇരുവരുടെയും വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു.
കഴിഞ്ഞ ജനുവരിയിലായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹനിശ്ചയം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന വിവാഹത്തിന്റെ ക്ഷണക്കത്തും ഇരുവരും പുറത്തു വിട്ടിരുന്നു . മെയ് 5,8 തിയ്യതികളിലായി ഹിന്ദുക്രിസ്ത്യന്‍ ആചാരപ്രകാരമായിരിക്കും വിവാഹച്ചടങ്ങുകള്‍ നടക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല