സ്വന്തം ലേഖകന്‍: 10 വയസുകാരനും 18 വയസുകാരിയും തമ്മിലുള്ള പ്രണയകഥ പറയുന്ന സീരിയലിനെതിരെ നടപടി. ‘ഹരെദാര്‍ പിയ കി’ എന്ന വിവാദ ഹിന്ദി പരമ്പരയ്‌ക്കെതിരെ ഉടനടി നടപടി വേണമെന്ന് ബ്രോഡ്കാസ്റ്റിങ് കൗണ്‍സിലിനോട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. 10 വയസ്സുകാരനായ ബാലന്‍ 18 വയസ്സുകാരിയെ പ്രണയിക്കുന്ന സീരിയലിന്റെ പ്രമേയം നേരത്തെ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.
സീരിയലിനെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടലെന്നാണ് റിപ്പോര്‍ട്ടുകള്‍. പെറ്റീഷന്‍ ഓണ്‍ ചാര്‍ജ് ഡോട്ട് കോം ബ്രോഡ്?കാസ്റ്റിങ് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റിലാണ് സീരിയലിനെതിരെ പരാതികള്‍ ഉയര്‍ന്നത്. കുട്ടികളെ വഴി തെറ്റിക്കുന്ന തരത്തിലുള്ള ആശയങ്ങളാണ് ഇതിലൂടെ പുറത്ത് വരുന്നതെന്നാണ് ആരോപണം. ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ആളുകളാണ് സീരിയലിനെതിരായ പരാതിയില്‍ ഒപ്പിട്ടത്.
18 വയസ്സായ പെണ്‍കുട്ടിയും 10 വയസ്സുകാരനായ ബാലനും തമ്മില്‍ വിവാഹിതരാകുന്നതും അവരുടെ ഹണിമൂണുമൊക്കെയാണ് സീരിയലില്‍ കാണിച്ചത്. എന്നാല്‍ ഇതിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തേജസ്വി പ്രകാശ് തങ്ങളുടെ പരിപാടിയില്‍ യാതൊരു പ്രശ്‌നവുമില്ലെന്നാണ് പറയുന്നത്. തങ്ങള്‍ ഈ സീരിയലിലൂടെ ഉയര്‍ത്തുന്നത് ‘പുരോഗമന’ ആശയമാണെന്നും നടി വാദിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല