![](https://www.nrimalayalee.com/wp-content/uploads/2019/11/SupremeCourt.jpg)
സ്വന്തം ലേഖകൻ: രാജദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് അനുമതി നല്‍കി. പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യദ്രോഹക്കുറ്റ പ്രകാരം കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്യുന്നത് അനുചിതമായിരിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസുകൾ രജിസ്റ്റര്‍ ചെയ്താല്‍ പ്രതികള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
രാജദ്രോഹക്കുറ്റത്തിന്റെ പുനഃപരിശോധന നടക്കുന്നതിനാല്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ നടപടികള്‍ കോടതി സ്റ്റേ ചെയ്തു. ജയിലുകളില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്.
124 എ വകുപ്പ് താല്‍ക്കാലികമായി സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രം ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് പ്രകാരം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് പറഞ്ഞ കോടതി, ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
നിലവില്‍ ഈ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാനുള്ള അനുമതിയും കോടതി നല്‍കിയിട്ടുണ്ട്. 124 എ-യുടെ പുനഃപരിശോധന നടക്കുന്നതു വരെയാണ് ഈ താല്‍ക്കാലിക ഉത്തരവ് നിലവിലുണ്ടാവുകയെന്നും ഇടക്കാല ഉത്തരവ് വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല