സ്വന്തം ലേഖകന്‍: അധികൃതര്‍ക്ക് റോഡിലെ കുഴിയോടുള്ള അനാസ്ഥ കേരളത്തിലെ മാത്രമാണെന്ന് കരുതിയാല്‍ തെറ്റി. അങ്ങു ബ്രിട്ടനിലും കാര്യങ്ങള്‍ ഏതാണ്ട് ഒരുപോലെ. മലയാളികളെപ്പോലെ തന്നെ ബ്രിട്ടീഷുകാരും ചാടിയും കുലുങ്ങിയും കുഴികളിലൂടെ വണ്ടിയോടിക്കുന്നു.
എന്നാല്‍ വാന്‍ക്‌സി എന്ന് സ്വയം വിളിക്കുന്ന വിരുതന്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഗ്രേറ്റര്‍ മാഞ്ചെസ്റ്ററിലെ റാംസ്‌ബോം പട്ടണത്തിലെ അധികൃതരെക്കൊണ്ട് റോഡിലെ കുഴികള്‍ അടപ്പിക്കാന്‍ വാന്‍ക്‌സി കണ്ടെത്തിയ മാര്‍ഗം അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്.
ഗ്രാഫിറ്റി പെയിറ്റര്‍മാര്‍ ഉപയോഗിക്കുന്ന സ്‌പ്രേ പെയിന്റുകള്‍ ഉപയോഗിച്ച് റോഡിലെ കുഴികള്‍ക്കു ചുറ്റും മനുഷ്യ ലിംഗങ്ങളുടെ ചിത്രം വരക്കുകയാണ് വാന്‍ക്‌സിയുടെ രീതി. നഗരസഭാ അധികൃതര്‍ കുഴി മൂടാന്‍ ഓടിയെത്തുമെന്ന് പറയേണ്ടതില്ലല്ലോ.
തന്റെ പരിസരത്തുള്ള, എട്ടു മാസമായി അധികൃതര്‍ തിരിഞ്ഞു നോക്കാതിരുന്ന ഒരു വമ്പന്‍ കുഴിയാണ് തന്നെ ഇത്തരത്തില്‍ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് വാന്‍ക്‌സി പറയുന്നു. ലിംഗം പ്രത്യക്ഷപ്പെടേണ്ട താമസം, 48 മണിക്കൂറിനകം അധികൃതര്‍ പറന്നെത്തി കുഴി മൂടി ചിത്രം മായ്ച്ചു.
എന്നാല്‍ വാന്‍ക്‌സിയുടെ തന്ത്രം പിടികിട്ടിയ നഗരസഭ തിരിച്ചടിക്കാനുള്ള പുറപ്പാടിലാണ്. ലിംഗം പ്രത്യക്ഷപ്പെടുന്ന കുഴികള്‍ നന്നാക്കാതെ വിടുകയാണ് നഗരസഭാ ജീവനക്കാരുടെ പുതിയ സമീപനം. ലിംഗ ഗ്രാഫിറ്റി വൃത്തിയാക്കാന്‍ ചെലവാക്കുന്ന ഓരോ പെനിയും കുഴിതൂര്‍ക്കാന്‍ താമസം വരുത്തുമെന്ന് അവര്‍ മുന്നറിയിപ്പും നല്‍കി.
സംഗതിയെന്തായാലും വാന്‍ക്‌സിയുടെ ഓണ്‍ലൈന്‍ ആരാധകരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല