സ്വന്തം ലേഖകന്‍: ട്രംപിനെ കൈവിട്ട് യുഎസ് ചീഫ് ഓഫ് സ്റ്റാഫ് അഡ്മിറല്‍ കെവിന് സ്വീനിയും; രാജി സിറിയയില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിനു ശേഷം. യുഎസ് പ്രതിരോധ വകുപ്പിന്റെ ചീഫ് ഓഫ് സ്റ്റാഫ് അഡ്മിറലായിരുന്ന കെവിന് സ്വീനി 2017ല്‍ പ്രസിഡന്റ് ട്രംപ് അധികാരമേറ്റതു മുതല്‍ ആ പദവി വഹിച്ചുവരികയായിരുന്നു.
സിറിയയിലെ യുഎസ് സൈന്യത്തെ പിന്‍വലിക്കാന്‍ ട്രംപ് തീരുമാനിച്ചതിനുശേഷം രാജിവയ്ക്കുന്ന മൂന്നാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്, ഐഎസിനെതിരായ ആഗോള സഖ്യത്തില്‍ യുഎസ് പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധിയായിരുന്ന ബ്രെറ്റ് മഗ്ഗുര്ക്ക് എന്നിവരാണ് മുന്‍പു രാജിവച്ചത്.
സഹപ്രവര്‍ത്തകര്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണെന്ന് സ്വീനി രാജിക്കത്തില്‍ പറയുന്നുണ്ട്. പക്ഷേ കത്തില്‍ ട്രംപിനെക്കുറിച്ച് ഒന്നും പരാമര്‍ശിച്ചില്ല. ട്രംപിന്റെ സിറിയയില്‍നിന്നുള്ള പിന്മാറ്റ പ്രഖ്യാപനം പ്രതിരോധ, വിദേശ വകുപ്പുകളില്‍ വലിയ അസ്വാരസ്യം ഉണ്ടാക്കിയിട്ടുണ്ട്. ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തില്‍ ബ്രിട്ടന് അടക്കമുള്ള സഖ്യകക്ഷികളും അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല