ജപ്പാനില്‍ ജീവനക്കാര്‍ക്ക് ഇനി ഓഫിസില്‍ വരാതെ വീട്ടിലിരുന്ന് ഓണ്‍ലൈനായി ജോലിചെയ്യാം. മാര്‍ച്ചില്‍ ഉണ്ടായ ഭൂകമ്പവും സൂനാമിയും ജപ്പാനെ പഠിപ്പിച്ച പുതിയ പാഠമാണിത്.നിപ്പോണ്‍, ഹിറ്റാച്ചി, എന്‍ഇസി തുടങ്ങി ജപ്പാനിലെ പ്രമുഖ സ്ഥാപനങ്ങള്‍ പലതും ഈ മാതൃക സ്വീകരിച്ചുകഴിഞ്ഞു. ഇതുവഴി ഉല്പാദനക്ഷമത കൂട്ടാമെന്നും വാഹനയാത്ര ഒഴിവാക്കുന്നതോടെ വായുമലിനീകരണം ഒഴിവാക്കാമെന്നും വൈദ്യുതി ലാഭിക്കാമെന്നും കമ്പനികള്‍ക്കു ബോധ്യമായി. മാത്രമല്ല, കുടുംബകാര്യത്തില്‍ ജീവനക്കാര്‍ക്കു കൂടുതല്‍ ശ്രദ്ധിക്കാനുമാവും.
രാജ്യത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ മുഴുവന്‍ തകര്‍ത്തെറിഞ്ഞ ശക്തമായ ഭൂകമ്പവും സൂനാമിയും തീര്‍ത്താല്‍ തീരാത്ത നാശമാണു വിതച്ചത്. മാര്‍ച്ചില്‍ ഭൂകമ്പമുണ്ടായ ദിവസം ടോക്കിയോയിലും തെക്കുകിഴക്കന്‍ ജപ്പാനിലും ഒരൊറ്റ ട്രെയിനും ഓടാതായി. അന്നു ജീവനക്കാരെല്ലാം ഓഫിസുകളിലോ റയില്‍വേ സ്റ്റേഷനുകളിലോ രാത്രി കഴിയേണ്ടിവന്നു.
ഫുകുഷിമോ ഡയിച്ചി ആണവ നിലയം തകരുകയും മറ്റു നിലയങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും ചെയ്തതോടെയുണ്ടായ വൈദ്യുതി ക്ഷാമംമൂലം കമ്പനികള്‍ വൈദ്യുതി ലാഭിക്കാന്‍ നിര്‍ബന്ധിതരായി. തുണിനാരുകള്‍ മുതല്‍ ഇലക്ട്രോണിക്സ് സാധനങ്ങള്‍വരെ നിര്‍മിക്കുന്ന തെയിജിന് കമ്പനി ഇതോടെ ടോക്കിയോ ഇലക്ട്രിക് പവര്‍ കമ്പനിയുടെ പ്രവര്‍ത്തനമേഖലയില്‍ താമസിക്കുന്ന രണ്ടായിരത്തോളം ജീവനക്കാര്‍ക്കു വീട്ടിലിരുന്ന് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ജോലിചെയ്യാന്‍ സംവിധാനമൊരുക്കി.
നിപ്പോണ്‍ ടെലിഗ്രാഫ് ആന്‍ഡ് ടെലിഫോണ്‍ കോര്‍പറേഷനും ജീവനക്കാര്‍ക്കു രാവിലെയോ ഉച്ചകഴിഞ്ഞോ വീട്ടിലിരുന്നു ജോലിചെയ്യാന്‍ അവസരം നല്കി. ജീവനക്കാരെ വീട്ടിലിരിക്കാന്‍ അനുവദിച്ചതോടെ ഓഫിസില്‍ ഗണ്യമായി വൈദ്യുതി ലാഭിക്കാന്‍ കഴിഞ്ഞു.
തുടക്കത്തില്‍ കുറെ ജോലിക്കാര്‍ക്കു മാത്രം നല്‍കിയിരുന്ന അവസരം മുഴുവന്‍ ജീവനക്കാര്‍ക്കും ബാധകമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഹിറ്റാച്ചി കമ്പനി.
പ്രായമായവരുടെ ജനസംഖ്യ ഏറെയുള്ളതിനാല്‍ അവരുടെ പരിചരണംകൂടി ലക്ഷ്യമിട്ടു കഴിഞ്ഞ ദശകത്തില്‍ത്തന്നെ ജപ്പാനിലെ പല കമ്പനികളും ജീവനക്കാര്‍ക്കു വീട്ടിലിരുന്നു ജോലിചെയ്യാന്‍ അവസരം നല്‍കിത്തുടങ്ങിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല