1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2025

സ്വന്തം ലേഖകൻ: ആരോഗ്യത്തിന് ഹാനികരമായ ‘ലിസ്റ്റീരിയ മോണോസൈറ്റോജീന്‍സ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പെപ്പറോണി ബീഫ് രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് പിന്‍വലിക്കാന്‍ യുഎഇ ഉത്തരവിട്ടു. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ലബോറട്ടറി പരിശോധനകള്‍ പൂര്‍ത്തിയാക്കി വിശദാംശങ്ങള്‍ പരിശോധിക്കുന്നതു വരെ യുഎഇ വിപണികളില്‍ നിന്ന് ഉല്‍പ്പന്നം മുന്‍കരുതലായി പിന്‍വലിക്കാനുള്ള തീരുമാനത്തിൻ്റെ ഭാഗമായാണ് നടപടി.

ഭക്ഷണം സംസ്‌കരിക്കുമ്പോഴോ തയ്യാറാക്കുമ്പോഴോ പായ്ക്ക് ചെയ്യുമ്പോഴോ പകരുന്ന ബാക്ടീരിയ ലിസ്റ്റീരിയ ഭക്ഷണം കഴിക്കുന്നവരില്‍ അണുബാധയ്ക്ക് കാരണമാകും എന്നതിനാലാണ് തീരുമാനം. ഗര്‍ഭിണികള്‍, 65 വയസ്സിനു മുകളിലുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരില്‍ ഈ ബാക്ടീരിയ ഗുരുതരമായ ആരോഗ്യ സങ്കീര്‍ണതകള്‍ക്ക് കരാണമാവുമെന്നും അധികൃതര്‍ അറിയിച്ചു.

ഈ ബീഫ് ഉല്‍പ്പന്നം കഴിക്കുന്നതിനെതിരെ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2025 മാര്‍ച്ച് എക്‌സ്പയറി തീയിതിയുള്ള 250 ഗ്രാം പാക്കേജ് ഉല്‍പ്പന്നങ്ങളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ലബോറട്ടറി പരിശോധനയില്‍ ഇവ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉല്‍പ്പന്നം ഉടനടി നശിപ്പിക്കാനും അതിൻ്റെ ഉപഭോഗം ഒഴിവാക്കാനും സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

ബാക്ടീരിയ അടങ്ങിയ ഉല്‍പ്പന്നം വിപണിയില്‍ നിന്ന് നീക്കം ചെയ്യാന്‍ സൗദി അധികൃതര്‍ ഇതിനകം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ ബീഫ് ഇറക്കുമതി ചെയ്യുന്ന കമ്പനിക്കെതിരെ നിയന്ത്രണ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അതോറിറ്റി അറിയിച്ചു.സൗദിയില്‍ ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചാല്‍ 10 വര്‍ഷം വരെ തടവോ 10 ദശലക്ഷം റിയാല്‍ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.